കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും. കൊല്ലം ബാർ അസോസിയേഷൻ വിഷയത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അനീഷ്യയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചത് മേൽ ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകന്റെയും മാനസിക പീഡനമെന്നാണ് ഉയരുന്ന ആരോപണം.
അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മേൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം സംബന്ധിച്ച തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ബാർ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക സമ്മർദ്ദം പതിവായിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറിയും ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെയും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യം. ആരോപണ വിധേയരെ ബഹിഷ്കരിക്കാനും പ്രതിഷേധ സൂചകമായി ഇന്ന് കോടതി നടപടികൾ ബഹിഷ്കരിക്കാനുമാണ് ബാർ അസോസിയേഷന്റെ തീരുമാനം.
നിലവിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ അന്വേഷണത്തിന് പകരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷണം നടത്തണമെന്നും കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ബാർ അസോസിയേഷൻ അടിയന്തര യോഗം ചേർന്നാണ് സംഭവത്തിൽ തുടർനടപടികൾ തീരുമാനിച്ചത്. നിയമപരമായി മുന്നോട്ടു പോകാൻ ഒരുങ്ങുന്ന അനീഷ്യയുടെ കുടുംബത്തിന് പൂർണ പിന്തുണ നൽകാനും ബാർ അസോസിയേഷൻ തീരുമാനിച്ചു.