കൊച്ചി : നിയമസഭ കയ്യാങ്കളിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്, എംഎ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്. ഇടതു എംഎല്‍എമാരായിരുന്ന കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്.
ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തിനിടെ, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കെ കെ ലതികയെയും ജമീല പ്രകാശത്തെയും കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2015 ലെ ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയില്‍ അസാധാരണ സംഭവം അരങ്ങേറിയത്. ബാര്‍കോഴ വിവാദത്തില്‍ കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം. അന്ന് പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേര മറിച്ചിട്ടത് അടക്കം തെറ്റായിപ്പോയെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.