ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗോവിന്ദ് റാം മേഘ്വാൾ ഖജുവാലയിൽ നിന്നും പ്രതാപ് സിംഗ് ഖചാരിയവാസ് സിവിൽ ലൈനിൽ നിന്നും പർസാദി ലാൽ മീണ ലാൽസോട്ടിൽ നിന്നും മത്സരിക്കും. നിലവിലെ കൃഷിമന്ത്രി മുരാരി ലാൽ മീണ ദൗസയിൽ നിന്ന് ജനവിധി തേടും.
കൂടാതെ അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയായ രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ സോജത്ത് മണ്ഡലത്തിൽ നിന്നും മത്സരിക്കും.
2018ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് മന്ത്രിമാർക്കും 28 സിറ്റിങ് എംഎൽഎമാർക്കും ഒരു സ്വതന്ത്ര സ്ഥാനാർഥിക്കുമാണ് ആദ്യ പട്ടികയിൽ കോൺഗ്രസ് ടിക്കറ്റ് നൽകിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അർച്ചന ശർമ്മയെയും പുഷ്പേന്ദ്ര ഭരദ്വാജിനെയും ഇത്തവണ മത്സരിപ്പിക്കുന്നുണ്ട്. അർച്ചന ശർമ്മ മാളവ്യ നഗറിൽ നിന്നും പുഷ്പേന്ദ്ര ഭരദ്വാജി സംഗനേറിൽ നിന്നുമാണ് മത്സരിക്കുന്നത്.
33 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർ പുര മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ടോംഗ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മഹേന്ദ്ര ജീത്ത് സിംഗ് മാളവ്യ ബാഗിദോര മണ്ഡലത്തിൽ നിന്നും മമത ഭൂപെഷ് സിക്റായിൽ നിന്നും ടിക്കാറാം ജൂലി ആൽവാർ റൂറലിൽ നിന്നും ജനവിധി തേടും.
അതേ സമയം രാജസ്ഥാനിലെ ബിജെപി ഓഫീസിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അതൃപ്തിയെ തുടർന്നാണ് പ്രതിഷേധം.
200 അംഗ നിയമസഭ സീറ്റുകളിൽ 124 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. ഇന്നലെ 83 സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ടയറുകള്‍ ഉള്‍പ്പടെ കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയിൽ നിന്ന് പുറത്തായ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വസുന്ധര്യ രാജെ പക്ഷത്ത് നിന്നുള്ളവരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.