9 മില്യൺ യുട്യൂബ് സബ് സ്ക്രൈബർമാരെ (90 ലക്ഷം) നേടുന്ന മലയാളത്തിലെ ആദ്യ വാർത്താ ചാനൽ എന്ന അതുല്യനേട്ടം സ്വന്തമാക്കി ഏഷ്യാനെറ്റ് ന്യൂസ്. വാർത്തകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കും വിശകലനങ്ങൾക്കുമായി ടിവി പ്രേക്ഷകരെപ്പോലെ തന്നെ യുട്യൂബ് പ്രേക്ഷകരും സമീപിക്കുന്ന ചാനൽ എന്ന വിശ്വാസ്യത അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ നാഴികക്കല്ല് പിന്നിട്ടത്. ടിവിയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ആധിപത്യം നിലനിർത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബാർക് റേറ്റിങ്ങിലും തുടക്കംമുതൽക്കെ മുന്നിലുള്ളത്.
2008 സെപ്റ്റംബർ ആറിന് യുട്യൂബ് പ്ലാറ്റ്ഫോം ഉപയോഗിച്ചു തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ വൈകീട്ട് അഞ്ചര വരെ 8,467,926,020 വ്യൂസാണ് നേടിയിട്ടുള്ളത്. മറ്റൊരു വാർത്താ ചാനലിനും ഇതിന്റെ പകുതിപോലും പിന്നിടാനായിട്ടില്ല എന്നതാണ് വസ്തുത . മലയാള വാർത്താ ചാനലുകളിൽ മനോരമാ ന്യൂസാണ് യുട്യൂബ് സബ് സ്ക്രൈബർമാരുടെ എണ്ണത്തിൽ രണ്ടാമത്- 8.72 മില്യൺ. മീഡിയാ വൺ ( 5 .46 മില്യൺ ), 24 ന്യൂസ് ( 5. 01 മില്യൺ ), മാതൃഭൂമി ന്യൂസ് (4 .41 മില്യൺ ) റിപ്പോർട്ടർ ടിവി ( 1 .67 മില്യൺ ), കൈരളി ന്യൂസ് ( 1.12 മില്യൺ ) ജനം ടിവി (964 k ) എന്നിങ്ങനെയാണ് മലയാള ന്യൂസ് ചാനലുകളുടെ യുട്യൂബ് സബ് സ്ക്രൈബർമാരുടെ എണ്ണം.
ഇതര ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലും എക്കാലവും മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ് . ആറ് മില്യണ്‍ മലയാളികളാണ് ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 1.1 മില്യണ്‍ ഫോളോവേഴ്സാണ് പുതുതലമുറയുടെ പ്രിയപ്പെട്ട ഡിജിറ്റല്‍ ഇടമായ ഇന്‍സ്റ്റഗ്രാമിലുള്ളത്.