മലയാള വാർത്താ ചാനലുകളുടെ ചരിത്രത്തിൽ നാഴികക്കല്ല് സൃഷിക്കുന്ന അഭിമുഖവുമായി ഏഷ്യാനെറ്റ് ന്യൂസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന അഭിമുഖം ഏപ്രിൽ 20 ശനിയാഴ്ച രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും. മലയാള വാർത്താ ചാനൽ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മലയാളം വാർത്താ ചാനലിന് അഭിമുഖം നൽകുന്നത്. ഒരു മണിക്കൂർ 22 മിനിട്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം പ്രധാനമന്ത്രി ഒരു വാർത്താ ചാനലിന് നൽകിയിട്ടുള്ള ഏറ്റവും നീളമുള്ള ഇന്റർവ്യൂവാണ്. അത് എഡിറ്റ് ചെയ്യാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ്
എഡിറ്റർ സിന്ധു സൂര്യകുമാർ, ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവർണ ന്യൂസ് എഡിറ്റർ എസ്എച്ച് അജിത്
എന്നിവരാണ് മോദിയെ ഇന്റർവ്യൂ ചെയ്തത്. കേരളത്തിലെ സഹകരണമേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ, പിണറായി വിജയനോട് കേന്ദ്രത്തിനുള്ള മൃദുസമീപനം എന്ന ആരോപണം തുടങ്ങി കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന നിരവധി ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി അഭിമുഖത്തിൽ മറുപടി പറയുന്നു.