പുനരധിവാസം ചർച്ചയാകുന്ന വയനാടിന്റെ മണ്ണിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും. ഡിസംബർ 22 ഞായറാഴ്ച രാവിലെയുള്ള നമസ്തേ കേരളം പരിപാടിയിലൂടെയാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ അതിജീവിതരെ തേടി ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുന്നത്. ദുരന്തത്തിന് പിന്നാലെ ആഴ്ചകൾ നീണ്ടുനിന്ന ലൈവത്തോൺ ചർച്ചകളും നമസ്തേ കേരളം പരിപാടികളുമായി ഏഷ്യാനെറ്റ് ദുരന്ത പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാക്കിയിരുന്നു.
കൈവിടരുത് വയനാടിനെ എന്ന ശീർഷകത്തിൽ നടത്തുന്ന നമസ്തേ കേരളം പരിപാടി പിജി സുരേഷ്കുമാറാണ് ആങ്കർ ചെയ്യുക. പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച 388 ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ പിഴവും പുനരധിവാസത്തിൽ ഹൈക്കോടതി നടത്തുന്ന ഇടപെടലുകളും കേന്ദ്ര സർക്കാർ ഫണ്ട് നല്കുന്നില്ലെന്ന പരാതികളും ചർച്ചയായി നിൽക്കുമ്പോഴാണ് നമസ്തേ കേരളം മുണ്ടക്കൈ-ചൂരൽമല നിവാസികൾക്ക് അടുത്തേക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട് . മാനന്തവാടി സബ് കളക്ടർക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ കടന്നുകൂടി. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.