പിണറായി സർക്കാരിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്ക് മുന്നിൽ ചോദ്യ ചിഹ്നമായി മാറുന്ന ബാർക്കോഴ കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ്. ഓരോ അംഗത്തിൽ നിന്നും രണ്ടരലക്ഷം രൂപ വീതം ആവശ്യപ്പെട്ടത് തിരുവനന്തപുരത്ത് സംഘടനക്ക് ആസ്ഥാനം പണിയുന്നതിനാണ് എന്ന ബാറുടമകളുടെ വാദമാണ് ഏഷ്യാനെറ്റ് ന്യൂസ് പൊളിച്ചത്. മാസങ്ങൾക്ക് മുമ്പേ തന്നെ കെട്ടിടംവാങ്ങാനുള്ള അംഗങ്ങളുടെ വിഹിതം സംഘടനാ നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയതും ഒരുലക്ഷം രൂപയാണെന്നതിന്റെ രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. നേരത്തെ മദ്യ നയമാറ്റം സംബന്ധസിച്ച് ചർച്ചയൊന്നും നടന്നിട്ടില്ലെന്ന സർക്കാരിന്റെയും സിപിഎമ്മിനേയും വാദവും കള്ളമാണെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് സ്ഥാപിച്ചത്.
നയത്തിലെ ഇളവിനുള്ള സഹായമായെന്ന നിലക്ക് രണ്ടരലക്ഷം ആവശ്യപ്പെട്ടത് വിവാദമായപ്പോഴാണ് അതും കെട്ടിടം വാങ്ങാനെന്ന് പറഞ്ഞ് തലയൂരാനായി അസോസിയേഷൻ നേതാക്കൾ ശ്രമിച്ചത്. ഇളവിനല്ല പണപ്പിരിവ് കെട്ടിടം വാങ്ങാനെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിൻറെ വിശദീകരണം. തിരക്കഥയെന്ന പോലെ അടുത്ത ദിവസം അനിമോനും മലക്കം മറിഞ്ഞ് പണം ചോദിച്ചത് കെട്ടിടത്തിനാണെന്ന വിശദീകരണവും ഇറക്കി. എന്നാൽ ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സ് അപ് ഗ്രൂപ്പിൽ മാസങ്ങൾക്ക് മുമ്പ് വന്ന സ്ക്രീൻ ഷോട്ടിൽ, കെട്ടിടം ഫണ്ടിലേക്ക് നൽകേണ്ടത് ഒരുലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്. ഈ വാട്സ് ആപ് സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. അനിമോൻറെ വിവാദ ഓഡിയോയിൽ പറയുന്ന ഇടുക്കിയിലെ സ്പൈസ് ഗ്രോ ഹോട്ടൽ ഉടമ കഴിഞ്ഞ ഡിസംബർ 21ന് ബാങ്ക് വഴി നൽകിയ പണത്തിന്റെ രേഖയാണിത്. ആ തുകയും ഒരുലക്ഷമാണ്. എത്ര രൂപ പിരിഞ്ഞ് കിട്ടിയെന്ന് നേതൃത്വം അറിയിച്ചിട്ടില്ലെന്നാണ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ബാങ്ക് വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.