ഷിരൂർ മണ്ണിടിച്ചിലിന് സമാന ദുരന്ത സാധ്യതയുള്ള കേരളത്തിലെ ദേശീയ പാതയോര നിവാസികളുടെ ആശങ്കകൾ പങ്കുവെച്ച് ഏഷ്യാനെറ്റ് ന്യൂസ്. മണ്ണിന്റെ ഘടന പരിഗണിക്കാതെ ചെങ്കുത്തായി മണ്ണിടിച്ച് പണിത കൊയിലാണ്ടിയിലെ ദേശീയ പാതയാണ് പ്രദേശവാസികളിൽ അപായഭീതി ഉയർത്തുന്നത്. മണ്ണ് എടുക്കുമ്പോൾ ചെരിവോടെ എടുക്കാതെ കുത്തനെ മണ്ണിടിച്ച് നിർമിച്ച പാത സൃഷ്ടിക്കുന്ന ഭയാനകതയാണ് ഏഷ്യാനെറ്റ് വാർത്താ സംഘം ജനങ്ങൾക്ക് മുൻപിലേക്ക് എത്തിച്ചത്. ഷിരൂരിൽ അപകടത്തിൽ പെട്ട അർജുന്റെ സ്വന്തം ജില്ലയിലാണ് ഈ ഷിരൂർ മോഡൽ റോഡ് വികസനം നടക്കുന്നത്.
വീടിന്റെ വശങ്ങൾ കിടങ്ങു പോലെയാക്കിയാണ് ദേശീയ പാത അതോറിറ്റി മണ്ണ് എടുത്തത്. ഏതാണ്ട് 30 മീറ്റർ ഉയരത്തിലാണ് ഇവിടെ വീടുകൾ ഉള്ളത്. പാതക്കായി ഭൂമി വിട്ടുകൊടുത്ത പലരുടെയും വീടുകൾ ഇടിഞ്ഞു പോകുകയും ചെയ്തു. വീടിനു മുൻപിലും വശങ്ങളിലുമാകട്ടെ അഗാധ ഗർത്തവും. കഴിഞ്ഞ ആഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി എന്ന പ്രദേശവാസികളുടെ സാക്ഷ്യപ്പെടുത്തലിന് മാനങ്ങൾ ഏറെയാണ്. 10 മീറ്ററോളം താഴ്ചയിലാണ് മണ്ണ് ഇടിഞ്ഞത്. മഴ വരുമ്പോൾ ഇത് പതിവാണ് എന്നാണ് സ്ഥലവാസിയായ ഗോപാലന്റെ നേർസാക്ഷ്യം. ഈ മാസം 24 നു എൻജിനീയർ വരുന്നുണ്ട്. കാര്യങ്ങൾ പറഞ്ഞിട്ടും മാറ്റം ഒന്നുമുണ്ടായില്ലെങ്കിൽ ഈ റോഡിൽ കിടക്കുമെന്നാണ് അദ്ദേഹത്തിൻറെ പക്ഷം. നാട്ടുകാരുടെ പ്രതിഷേധം മൂലം ചെങ്കുത്തായ പ്രദേശത്തിന് മുകളിൽ ഉള്ള റോഡ് ദേശീയ പാത അതോറിറ്റി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എമ്മാൾ അതിൽ പൊട്ടലും വിള്ളലും ആണെന്ന പരാതിയും ഇവർക്കുണ്ട്. വികസനത്തിനായി ഭൂമി സ്വമേധയാ വിട്ടു കൊടുത്തിട്ടും അതിന്റെ ദുരന്തം പേറേണ്ടി വരുന്ന ഒരുകൂട്ടം ആളുകളുടെ ദൈന്യത അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനാണ് ഏഷ്യാനെറ്റ് ശ്രമിച്ചത്.