പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയിട്ട് എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുന്ന കേരളത്തിലെ ഒരുപൊതുമേഖലാ സ്ഥാപനമായിരിക്കുകയാണ് ഓട്ടോ കാസ്റ്റ്. റെയിൽവേയിൽ നിന്നും ചരക്ക് വണ്ടികളുടെ ബോഗികളുടെ നിർമാണ ഓർഡർ ലഭിച്ചിട്ടും സമയത്തിനു ഓർഡർ പൂർത്തീകരിക്കാൻ കഴിയാതെ അന്തംവിട്ടു നിൽക്കുന്ന ചേർത്തല ഓട്ടോ കാസ്റ്റിന്റെ ദുരന്ത ചിത്രമാണ് നട്ടം തിരിഞ്ഞ് ഓട്ടോ കാസ്റ്റ് പരമ്പരയിലൂടെ ഏഷ്യാനെറ്റ് വരച്ചുകാട്ടിയത്.
കേരളം വ്യവസായ സൗഹൃദമെന്ന് സംസ്ഥാന സർക്കാർ ആണയിടുമ്പോഴും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എങ്ങനെ കെടുകാര്യസ്ഥതയുടെ മൂർത്തീരൂപം ആകുന്നുവെന്നാണ് സ്റ്റോറി വെളിവാക്കുന്നത്.
ഒന്നാം പിണറായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണ-നവീകരണ പ്രചാരണം നടത്തുമ്പോൾ എന്നും ഒന്നാമതായി പ്രതിഷ്ഠിച്ചിരുന്ന സ്ഥാപനമാണ് ചേർത്തല ഓട്ടോകാസ്റ്റ്. റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ അഞ്ച് കാസ്നബ് ബോഗികൾ നിർമ്മിക്കുന്നതിന് ഓട്ടോകാസ്റ്റിന് 2020 മാർച്ചിൽ ലഭിച്ച ഓർഡർ വെച്ചായിരുന്നു പ്രചണ്ഡമായ പ്രചാരണം ഇടതുസർക്കാർ നടത്തിയത്. 14.5 ലക്ഷം രൂപയാണ് അഞ്ച് ബോഗികൾക്കായി റെയിൽവേ അനുവദിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് ചരക്ക് തീവണ്ടിയുടെ ബോഗി നിർമ്മാണത്തിന് അനുമതി ലഭിക്കുന്നത്. സ്വാഭാവികമായും, റെയിൽവേ ഓർഡറിൽ ഓട്ടോകാസ്റ്റ് അതിന്റെ അതിജീവനത്തിനുള്ള സാധ്യത തെളിയിച്ചെടുക്കും എന്ന് കരുതിയെങ്കിലും നടന്നത് നേരെ മറിച്ചാണ്.
23 കോടി രൂപക്ക് 734 ബോഗികൾ നിർമിക്കേണ്ട സ്ഥാനത്ത് രണ്ടുവർഷം കൊണ്ട് ഓട്ടോ കാസ്റ്റ് നിർമിച്ചു നൽകിയത് വെറും 45 ബോഗികൾ മാത്രമാണ്. മാനേജ്മെന്റ് രംഗത്തെ വൈദഗ്ദ്യം ഇല്ലായ്മയും പ്രവർത്തന മൂലധനത്തിന്റെ അഭാവവുമാണ് ഓട്ടോ കാസ്റ്റിനു തിരിച്ചടിയായത്. ഒരു മാസത്തിൽ 30 -40 ബോഗികൾ നിർമിക്കേണ്ടിയിരുന്ന സ്ഥാനത്താണ് രണ്ടു വർഷം കൊണ്ട് 45 ബോഗികൾ ഓട്ടോ കാസ്റ്റ് ഉണ്ടാക്കിയത്. ആഴ്ചയിൽ പരമാവധി മൂന്നു ബോഗികളാണ് ഓട്ടോ കാസ്റ്റിനു നിലവിൽ നിർമിക്കാൻ കഴിയുക. കരാർ കാലാവധി നീട്ടി പരമാവധി പിടിച്ചു നിൽക്കാൻ നോക്കുന്നുണ്ടെങ്കിലും കരാർ പൂർത്തീകരണത്തിൽ പാലിക്കേണ്ട കൃത്യത സ്ഥാപനത്തിന്റെ മികവിന്റെ സൂചകമാകുന്ന ആധുനീക ലോകത്ത് അതെല്ലാം വെള്ളത്തിൽ വരച്ച വരകൾ മാത്രമാണ്.
പ്രവർത്തന മൂലധനത്തിന്റെ അഭാവത്തെക്കുറിച്ച് ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് തുറന്നു സമ്മതിക്കുന്നുണ്ട്. തൽക്കാലം ആ വർക്ക് ചെയ്യുന്നില്ലെന്നും ഞങ്ങൾ അത് കാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചെയർമാൻ പറയുന്നുണ്ട്. ഓട്ടോ കാസ്റ്റിന്റെ രോഗാവസ്ഥയുടെ യഥാർത്ഥ കാരണം ഏഷ്യാനെറ്റ് പരമ്പര തുറന്നു കാട്ടുന്നുണ്ട്. ആദ്യ പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്നും പൊതുമേഖലാ സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയെന്നും ഓട്ടോകാസ്റ്റിനെ ചൂണ്ടിക്കാട്ടിയ സർക്കാർ തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും പ്രതിവിധി കുറിക്കേണ്ടത്.