ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന എറണാകുളം ജില്ലയിലെ ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. അടിസ്ഥാന സൗകര്യത്തിലെ അപര്യാപ്തതയും സുരക്ഷാ പ്രശ്നങ്ങളും അടക്കം ടൂറിസം മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അക്കമിട്ടു നിരത്തുന്നതാണ് ചുറ്റുവട്ടം പരമ്പരയായ അടി’പൊളി’ ടൂറിസം .
ജില്ലയിലേക്ക് ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന ഇടങ്ങളാണ് വൈപ്പിൻ- മുനമ്പം കടലോരങ്ങൾ. വാട്ടർ ബോട്ട് അടക്കമുള്ള സംവിധാനങ്ങൾ പ്രതിദിനം ആയിരങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ഈ പ്രദേശങ്ങളുടെ നില ശോചനീയമാണ്. ആവശ്യത്തിന് പാർക്കിങ് സൗകര്യവും ശുചിമുറികളും ഇല്ല എന്നതിനൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് വസ്ത്രം മാറാനുള്ള സൗകര്യം ലഭ്യമല്ല എന്ന ദയനീയതയും സഞ്ചാരികളുടെ വാക്കിലൂടെ അടി’പൊളി’ പരമ്പര ചർച്ചയാക്കുന്നു. നാലര കോടി ചെലവിൽ വൈപ്പിൻ മണ്ഡലത്തിലെ ബീച്ചുകളിൽ വരുന്ന ബീച്ച് കോറിഡോർ പദ്ധതിയിൽ മേഖല അർപ്പിക്കുന്ന പ്രതീക്ഷകളും പരമ്പര വരച്ചുകാട്ടുന്നുണ്ട്. എല്ലാ ബീച്ചുകളിലും ടോയ്ലറ്റ് സൗകര്യങ്ങളും കഫെറ്റീരിയയും ഒരുക്കുമെന്നും വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ പരമ്പരയിലൂടെ ഉറപ്പുനല്കുന്നുണ്ട്.
പ്രകൃതി ഭംഗി കൊണ്ട് ആകർഷണീയമായ പിറവത്തെ അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹയും നേരിടുന്ന പ്രശ്നങ്ങളാണ് രണ്ടാമത്തെ എപ്പിസോഡിലെ ചർച്ച. കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള മാർഗങ്ങളോ സുരക്ഷാ ഗാർഡുകളുടെ സാന്നിധ്യമോ ഇല്ലാത്ത ഈ പ്രദേശം പ്രതിദിനം നശിക്കുകയാണ്. കൊച്ചരീക്കലിന്റെ മുഖ്യാകർഷണമായ മരവേരുകൾക്കിടയിൽ രൂപം കൊണ്ട പ്രകൃതിദത്ത ഗുഹകളിൽ നിറയെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിന്റെ പ്രതീകമായ മദ്യകുപ്പികളും അവയുടെ ചില്ലുകളുമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര എടുത്തുകാണിക്കുന്നു. ശാന്തമായി ഇരിക്കാനും വെള്ളത്തിൽ ഇറങ്ങാനും ആളുകൾ എത്തുന്ന അരീക്കൽ വെള്ളച്ചാട്ടത്തിൽ സുരക്ഷാ ജീവനക്കാരുമില്ല. ഇവിടെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അതിക്രമം കാണിച്ചത്. സഞ്ചാരി സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ഇടപെടേണ്ട പാമ്പാക്കുട പഞ്ചായത്ത് ഇക്കാര്യങ്ങൾ ഒന്നും അറിയാത്ത മട്ടിലാണ് ഉള്ളതെന്ന് അടി’പൊളി’ ടൂറിസം പരമ്പര പറയുമ്പോൾ ഈ ദുര്യോഗത്തിന്റെ കാരണവും വ്യക്തം. സഞ്ചാരികളെ തോല്പ്പിക്കുന്ന അധികാര വർഗ്ഗത്തിന്റെ നിസംഗത വെളിവാക്കുന്ന പരമ്പര തുടരുമ്പോൾ ജില്ലയിലെ ഇതര ടൂറിസം കേന്ദ്രങ്ങളുടെ അവസ്ഥകളും ചർച്ചയാകും.