


തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപകീർത്തി പ്രചാരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവർത്തകർക്കും എതിരായി ഫേസ്ബുക്കിലും യുട്യൂബിലും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പോരാളി ഷാജി, ഷമീർ ഷാഹുദീൻ വർക്കല, അരുൺ ലാൽ എസ് വി, സാനിയോ മനോമി എന്നീ ഫേസ്ബുക്ക് ഐഡികൾക്കും എബിസി മലയാളം, എസ് വിസ് വൈബ്സ് എന്നീ യുട്യൂബ് ചാനലുകൾക്കും എതിരായാണ് പരാതി. ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത വ്യക്തികൾക്കും സമാന ആരോപണങ്ങൾ ഉന്നയിച്ച മറ്റുള്ളവർക്കും എതിരെ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ മാധ്യമപ്രവർത്തകർക്ക് എതിരെ സൈബർ അക്രമങ്ങൾക്കെതിരെ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നലെ പരാതി നൽകിയിരുന്നു.