


ടെലിവിഷൻ ന്യൂസ് ചാനൽ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമത്. കഴിഞ്ഞയാഴ്ച ബാർക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ റിപ്പോർട്ടർ ചാനൽ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. രണ്ടാം സ്ഥാനത്ത് ട്വന്റി ഫോർ ന്യൂസാണ്. 85 റേറ്റിങ് പോയിന്റുള്ള ട്വന്റി ഫോർ ന്യൂസിനേക്കാൾ പത്ത് പോയിന്റ് അധികം നേടി 95 പോയിന്റോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാംസ്ഥാനം തിരികെ പിടിച്ചത്. റിപ്പോർട്ടർ ചാനലിന് 80 പോയിന്റുകളാണ്.
കഴിഞ്ഞ ആഴ്ചത്തെ റേറ്റിങ്ങിൽ റിപ്പോർട്ടറിന് 118 പോയിന്റുകളും ട്വന്റി ഫോർ ന്യൂസിന് 113 പോയിന്റും ഏഷ്യാനെറ്റ് ന്യൂസിന് 106 പോയിന്റുമാണ് ഉണ്ടായിരുന്നത്. റിപ്പോർട്ടർ ചാനലിന് ഈ ആഴ്ച 38 റേറ്റിങ് പോയിന്റുകൾ നഷ്ടമായി എന്നതാണ് അവരുടെ വൻ വീഴ്ചക്ക് വഴിവെച്ചത്. ട്വന്റി ഫോർ ന്യൂസിന് 28 പോയിന്റുകൾ നഷ്ടമായപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ നഷ്ടം 11 റേറ്റിങ് പോയിന്റിൽ ഒതുങ്ങി. നിലമ്പൂർ ഇലക്ഷൻ റിസൾട്ടിന് ശേഷമുള്ള ആഴ്ചയിൽ മുൻനിര വാർത്താ ചാനലുകൾക്ക് എല്ലാം ഇടർച്ച ഉണ്ടായപ്പോൾ ഇക്കാര്യത്തിൽ ഗണ്യമായ തിരിച്ചടി ഏഷ്യാനെറ്റ് ന്യൂസിന് നേരിട്ടില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. 44 പോയിന്റുള്ള മനോരമ ന്യൂസ് നാലാമതും 41 പോയിന്റുള്ള മാതൃഭൂമി അഞ്ചാമതുമാണ്. ന്യൂസ് മലയാളം, കൈരളി ടിവി, ജനം ടിവി, ന്യൂസ് 18 കേരള, മീഡിയ വൺ എന്നിങ്ങനെയാണ് ആദ്യ പത്തിലെ വാർത്താ ചാനലുകൾ. നഗര ഗ്രാമ വ്യത്യസമില്ലാതെ പ്രായ ഭേദമില്ലാതെ മലയാളികൾ വാർത്തകൾക്കായി സ്ഥിരതയോടെ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെയാണെന്നാണ് ബാർക്ക് പ്രേക്ഷക റേറ്റിങ് നൽകുന്ന സൂചന.