കാലത്തിന്റെ മാറ്റത്തിനൊപ്പം മാറാൻ ഒരുകാലത്തും മലയാളികൾ മടികാണിച്ചിട്ടില്ല. മലയാളികളുടെ സീനിയർ ലൈഫും അടിമുടി മാറിയിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ‘സജീവം സായാഹ്നം’ മലയാളികൾക്കിടയിൽ വ്യത്യസ്തങ്ങളായ സീനിയർ ലൈഫ് പരിചയപ്പെടുത്തുകയാണ്.
വാർദ്ധക്യം ഏവരും അഭിമുഖീകരിക്കുന്നത് ഒറ്റപ്പെടലിന്റെയും രോഗങ്ങളുടെയും കാലമായാണ്. ഇനി ആശിക്കാൻ ഒന്നുമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്ന അവസ്ഥയിൽ നിന്നും ആശിക്കാൻ ഇനിയും ഏറെയുണ്ടെന്ന് തുറന്നു കാട്ടുന്ന ഒട്ടനേകം സീനിയർ സിറ്റിസെൻസിൻറെ ഊർജസ്വലമായ ജീവിതമാണ് ‘സജീവം സായാഹ്നം’ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുറന്നു കാട്ടുന്നത്.
ജിമ്മും ഹെൽത്തും യൂത്തിന് മാത്രമല്ലെന്ന് തെളിയിക്കുന്ന പാലക്കാട്ടെ ഒരുകൂട്ടം സീനിയർ വനിതകൾ. സജീവം സായാഹ്നത്തിൽ പ്രായത്തെ മാറ്റി നിർത്തി എല്ലാ ദിവസവും ജിമ്മിൽ വ്യായാമത്തിനായി എത്തുന്ന സീനിയേർസ് വ്യായാമത്തിന്റെ കാര്യത്തിൽ വളരെ സീരിയസ് ആണ്. ഇത്രയും കാലം കുടുംബത്തിന് വേണ്ടി ജീവിച്ചു, ഇനി നമുക്കുവേണ്ടി ജീവിക്കണം എന്നവർ കൂട്ടി ചേർക്കുമ്പോൾ സമൂഹത്തിന് ആ സീനിയർ വനിതകൾ നൽകുന്ന സന്ദേശം ഒട്ടും ചെറുതല്ല. പ്രായം വെറും സംഖ്യമാത്രമാണെന്നാണ് അവർ ഒറ്റസ്വരത്തിൽ പറയുന്നത്. നമ്മളൊന്ന് മനസ്സുവെച്ചാൽ ഇനിയും ആസ്വാദകരമായി ജീവിക്കാൻ കഴിയുമെന്നും ഈ കൂട്ടുകാർ പറയാതെ പറയുന്നു.
https://www.facebook.com/AsianetNews/videos/301703638862853/
‘സജീവം സായാഹ്നം’ എന്ന പരമ്പര മലപ്പുറത്തെ വേങ്ങരയിൽ എത്തുമ്പോൾ പ്രായത്തെ പാട്ടുപാടി തോല്‍പ്പിക്കുകയാണ് അറുപത് പിന്നിട്ടവര്‍. ആ നാട്ടിലെ മുതിർന്നവർക്ക് എല്ലാ ദിവസവും ഒരുമിച്ച് ഒത്തുകൂടാൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് വേങ്ങര ഗ്രാമപഞ്ചായത്ത്. ഉള്ളുപൊട്ടിയ ജീവിത അനുഭവങ്ങളുള്ള ആ മനുഷ്യർ ഒരുമിച്ചിരുന്ന് ഒറ്റ ഈണത്തിൽ പാട്ടുപാടുന്നു, കഥകൾ പറയുന്നു, പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുന്നു. സത്യത്തിൽ ഇതുപോലുള്ള സായാഹ്നങ്ങൾ എന്നുമൊരു സാന്ത്വനമാണെന്നാണ് സ്ഥിരം സന്ദർശകരിൽ ഭൂരിഭാഗവും പറയുന്നത്. ജീവിതത്തിലെ സായാഹ്നങ്ങളെ സുന്ദരമാക്കുന്ന പാട്ടുകൾ പാടി സ്വയം പ്രായത്തെ തോൽപ്പിക്കുമ്പോൾ അവർക്കിടയിൽ പ്രായം വെറും സംഖ്യ മാത്രമാവുന്നു.
https://www.facebook.com/watch/?v=695774782310613
നൂറിന്റെ നിറവിൽ കഴിയുന്ന ഓംചേരി എന്‍എന്‍ പിള്ളയുടെ ദില്ലിയിലെ വസതിയിൽ ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ‘സജീവം സായാഹ്നം’ ക്യാമറ തിരിക്കുമ്പോൾ ഓംചേരിയും ഭാര്യ ലീലയും തിരക്കിലാണ്. ഭാസന്റെ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്ത് അരങ്ങില്‍ എത്തിക്കാൻ ഒരുങ്ങുകയാണ് ഇരുവരും. ജീവിതത്തിന്റെ അവശതകളെ മാറ്റിവെച്ച് ജീവിതം കൂടുതൽ സജീവമാക്കുന്നത്തിന് വാർദ്ധക്യം തടസ്സമല്ലെന്ന് തെളിയിക്കുന്ന വാക്കുകളായിരുന്നു പ്രേക്ഷകർ അവരിൽ കണ്ടത്. സജീവം സായാഹ്നത്തിൽ ഒരുനൂറ്റാണ്ടിന്റെ ഓർമകളിൽ മുഴുകുന്ന ഓംചേരി, ഇപ്പോഴും ദിവസേന ആറ് മണിക്കൂറെങ്കിലും വായനയ്ക്കായി മാറ്റിവെക്കുന്നു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഭാര്യ ലീല ഓംചേരി പ്രായം തളർത്താത്ത സംഗീതത്തിന്റെ അഗ്നി ഇപ്പോഴും കെടാതെ സൂക്ഷിക്കുന്നു.