കൊല്ലം : കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതിയെ ശ്രീനഗറിൽ നിന്നും വലയിലാക്കാൻ പൊലീസിന് സഹായകരമായത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിതിനു ശേഷം ഒളിവിൽ പോയ പടപ്പക്കര സ്വദേശി അഖിലിനെയാണ് നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോൾഡ് കേസ് വാർത്ത കണ്ട മലയാളി പ്രതിയെ തിരിച്ചറിയുകയായിരുന്നു. ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖിൽ. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ഒരാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നില്ക്കുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കൊലപാതകത്തിന് ശേഷം മൊബൈൽ ഫോണ്‍ ആകെയുണ്ടായിരുന്ന ഫോണും സിം കാര്‍ഡും പ്രതി നശിപ്പിച്ചതോടെ മൊബൈൽ ട്രാക്കിങ് സാധ്യത അടഞ്ഞു. സുഹൃത്തുക്കളെ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കിയിരുന്നു. പ്രതിയിലേക്കെത്താനുള്ള വഴികള്‍ നിലയിൽ ഉഴറിയിരുന്ന പൊലീസ് സംഘത്തിനാണ് ശ്രീനഗർ മലയാളി കച്ചിത്തുരുമ്പ് സമ്മാനിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ അഖിലിന്റെ ചിത്രം കണ്ട് സംശയം തോന്നിയതോടെയാണ് പൊലീസിനെ വിവരം ധരിപ്പിച്ചത്. കേരളാ പൊലീസിലെ മൂന്നംഗ സംഘം ശ്രീനഗറിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്.