കാട്ടാനക്കും കാട്ടുപോത്തിനുമെല്ലാമിടയിൽ പ്രാണഭയത്തോടെ ജീവിതം തള്ളി നീക്കുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങൾക്കും ജീവിക്കണം -എന്ന ലൗഡ് സ്പീക്കർ വാർത്താ പരമ്പരയിലൂടെയാണ് കാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതം ഏഷ്യാനെറ്റ് ഒപ്പിയെടുക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനും ഇടയിലേക്ക് വന്യമൃഗങ്ങൾ ഭീതിയുടെ കരിമ്പടം വിരിച്ചിട്ടും പരമാവധി ഗൗനിക്കാതെയും ഗത്യന്തരമില്ലാതെ പ്രതികരിച്ചാൽ ക്രൂരമായി അടിച്ചമർത്തിയും നിസംഗ മനോഭാവം പുലർത്തുന്ന ഭരണവർഗത്തിന്റെ കണ്മുന്നിലേക്കാണ് ഈ പരമ്പര ഏഷ്യാനെറ്റ് തുറന്നുവെക്കുന്നത് .
കാട്ടുപന്നിയിടിച്ച് കണ്ണൂർ അടക്കാത്തോട് സ്വദേശിക്ക് പരിക്കേൽക്കുകയും മൂന്നാറിൽ പടയപ്പയെന്ന കാട്ടാന കാർ തകർക്കുകയും ചെയ്ത ദിവസത്തിൽ തന്നെയാണ് ഏഷ്യാനെറ്റ് പരമ്പര സംപ്രേക്ഷണം ആരംഭിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. ദിവസക്കൂലിക്കാരും കൃഷിക്കാരും ജോലിക്ക് പോകാൻ പോലും ഭയക്കുന്ന തരത്തിൽ ഓരോ നിമിഷവും ഭീതിതമായ അവസ്ഥയാണ് കണ്ണൂർ ജില്ലയിലെ ആറളം അടക്കാത്തോട്ടിൽ നിന്നും ഏഷ്യാനെറ്റ് കണ്ടറിഞ്ഞത്. ആന ശല്യം തടയാനായി ആന മതിൽ ഉണ്ടെങ്കിലും അത് തകർത്ത് പോലും ആന നാട്ടിൽ ഇറങ്ങുന്നുവെന്നതാണ് അവരുടെ ആശങ്കയുടെ അടിസ്ഥാനം. ജനങ്ങൾക്കും കൃഷിക്കുമൊന്നും രക്ഷയില്ല. കണ്ണിൽ കാണുന്ന എന്തും വന്യജീവികളുടെ വേട്ടക്ക് പാത്രമാകുന്നു. വന്യജീവികളും മനുഷ്യരുമെന്ന തുലനം വരുമ്പോൾ നിയമ പരിരക്ഷ ജീവികൾക്ക് ലഭിക്കുകയും മനുഷ്യർ നിസ്സഹായരാകുകയും ചെയ്യുകയാണ് ഇവിടങ്ങളിൽ. ജനങ്ങൾക്ക് അനുകൂലമായ നിയമപരിരക്ഷ ഉണ്ടാകണമെന്നാണ് കാട് അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ നാട്ടുകാരുടെ ആവശ്യം.
ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയിൽ തകർക്കപ്പെട്ട വീടുകളുടെ ദൃശ്യങ്ങളാണ് ഏറെ. ഏകദേശം നാല്പതുവീടുകളാണ് ഇങ്ങനെ തകർന്നത്. തകർന്ന വീടുകളിൽ കുട്ടികളെ നിർത്താൻ ഭയം, അവരെ ബന്ധുവീടുകളിൽ ഏൽപ്പിച്ചാണ് ആകെയുള്ള സ്വത്തിനു ഈ ഗ്രാമക്കാർ കാവൽകിടക്കുന്നത്. ആന വീടുകൾ പൊളിച്ചാലും നാശ നഷ്ടം ഉണ്ടാക്കിയാലും സഹായധനമോ നഷ്ടപരിഹാരമോ ഇല്ല, വർഷങ്ങൾ കഴിഞ്ഞാലും ഈ അവസ്ഥ തന്നെയാണ്. രാവിലെ 9 നു പോലും ആനക്കൂട്ടം റോഡിലുണ്ടാകുന്നത് ആദ്യ അനുഭവമല്ല ഇവർക്ക്. ഫോറസ്റ്റുകാർ ആനക്ക് അനുകൂലമാണ് എന്നാണു ഇവരുടെ ആരോപണം. ആന പാർക്ക് ആക്കി മാറ്റാനായിട്ടാണത്രേ ഗത്യന്തരമില്ലാതെ ജനം ഇവിടന്നു പലായനം ചെയ്യട്ടെയെന്നാണ് ഫോറസ്റ്റുകാരുടെ മനസ്സിൽ എന്നാണ് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പറഞ്ഞത്.
വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടാൽ നഷ്ടപരിഹാര തുകയുടെ പ്രഖ്യാപനം വരും. കാരണം, ദുരന്ത മുഖത്തുനിന്നുപോലും ജനങ്ങൾ സംഘടിതമായി പ്രതിഷേധിക്കുമെന്ന് ഭരണവർഗത്തിനു അറിയാം. എന്നാൽ, ഇത്തരം സംഭവങ്ങളിൽ പരിക്ക് പറ്റുന്നവരുടെ കാര്യമാണ് ദയനീയം. ആരും തിരിഞ്ഞു നോക്കാനുണ്ടാകില്ല, പരിക്കിൽ നിന്നും മുക്തരാകുന്നതുവരെ കുടുംബത്തിന്റെ ദൈനംദിന ജീവിതം ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കും. പരീക്ഷയെഴുതാൻ പോകാനോ സ്കൂളിൽ പോകാനോ കഴിയാതെ വീട്ടിൽ അടച്ചിടപ്പെടുന്ന കുട്ടികളുടെ അനുഭവങ്ങൾ..അങ്ങനെ കുടിയേറ്റ ഗ്രാമങ്ങളിലൂടെ ഏഷ്യാനെറ്റ് സംഘം സഞ്ചരിക്കുമ്പോൾ അത് അവരുടെ ദൈന്യ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാകുകയാണ്.