കേരളത്തിലെ റോഡുകൾ കൊലക്കളങ്ങളായി മാറുന്നത് എന്തുകൊണ്ടെന്ന് വിശദമായി വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ. അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ ആലപ്പുഴ അപകടത്തിൻെറയും വീടിനു ഒന്നര കിലോമീറ്റർ അകലെ വെച്ച് കാർ കുളത്തിലേക്ക് വീണ് നിർഭാഗ്യകരമായ അന്ത്യമുണ്ടായ ഇരിട്ടിക്കാരനായ കോളേജ് വിദ്യാർത്ഥിയുടെയും ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ സംഘടിപ്പിച്ചത്. റോഡ് അപകടങ്ങളിലെ ഇരകളായ സാധാരണക്കാർ മുതൽ മുൻ ചീഫ് സെക്രട്ടറി വി വേണുവും ഏറ്റവുമധികം അപകടങ്ങൾ നടക്കുന്ന ഹോട്ട് സ്പോട്ടുകളിലെ നാട്ടുകാരും റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും കരുതാം വഴിയിൽ തുടരാം യാത്രയെന്ന ലൈവത്തോണിൽ അനുഭവങ്ങൾ പങ്കിട്ടു.
സംസ്ഥാനത്തെ നിരത്തുകളിൽ ഈ വർഷം മാത്രം 40821 അപകടങ്ങളാണ് ഉണ്ടായത് എന്ന ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരകണക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ പങ്കുവെച്ചത്. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ ജീവന് നഷ്ടമായത് 3168 പേർക്ക് . പരിക്കേറ്റത് 45657 പേർക്ക് . കൊല്ലം പള്ളിമുക്കിൽ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കവേ കാർ ഇടിച്ചു തെറിപിച്ച് പരിക്കേറ്റ സിറാജ് ദിനേന ആശുപത്രിയിൽ പോയി വേദന സംഹാരി എടുക്കേണ്ട അവസ്ഥയാണ് പങ്കുവെച്ചത്. അരനിമിഷത്തെ ശ്രദ്ധക്കുറവുകൊണ്ട് തനിക്കും കുടുംബത്തിനും സംഭവിച്ച അപകടത്തെക്കുറിച്ച് മുൻ ചീഫ് സെക്രട്ടറി വി വേണു ലൈത്തോണിൽ പറഞ്ഞു.
”2023 ജനുവരിയിലാണ് ഞങ്ങളുടെ കാർ അപകടത്തിൽ പെട്ടത്. കാർ ലോറിയുടെ അടിയിലേക്ക് പോയിട്ടും ജീവനോടെ ഞങ്ങൾ എല്ലാവരും പുറത്തുവന്നത് പിൻസീറ്റിലിരുന്നിട്ടും ഞങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ടാണ്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കാര്യം മിക്കവരും ലളിതമായി എടുക്കും. എന്നാൽ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണിത്. അരനിമിഷത്തെ ശ്രദ്ധക്കുറവാണ് അന്നത്തെ അപകടത്തിന് കാരണം. അത് ആര്ക്കും സംഭവിക്കാം. ഈ ശ്രദ്ധക്കുറവ് മറികടക്കാൻ കഴിയുന്നതും ഉറക്കം വരുന്ന, ശ്രദ്ധ കുറയുന്ന അവസരങ്ങളിൽ യാത്ര ഒഴിവാക്കുക എന്നതാണ്. ഒഴിവാക്കാവുന്ന എത്രയോ യാത്രകളാണ് നമ്മള് നടത്തുന്നത്? ഈ സമയത്തൊക്കെ ഇത്തരം ഇത്തരം ചില പ്രശ്നങ്ങള പതിയിരുപ്പുണ്ട്. എത്ര അനുഭവ സമ്പത്തുള്ള ഡ്രൈവറാണെങ്കിലും ഈ അശ്രദ്ധ സംഭവിക്കാം. അതുകൊണ്ട് തന്നെ ഒഴിവാക്കാവാുന്ന യാത്രകൾ ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ മദ്യപിച്ചു കൊണ്ടുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്. അത് നമ്മളെ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തെ കൂടി അത് ബാധിക്കും.’ വി വേണു ലൈത്തോണിൽ പറഞ്ഞു.
ആലപ്പുഴ -അരൂർ ദേശീയപാത ഉൾപ്പടെ സംസ്ഥാനത്തെ ബ്ളാക് സ്പോട്ടുകളായി അറിയപ്പെടുന്ന ഇടങ്ങളിലെ നാട്ടുകാരും വിവിധയിടങ്ങളിൽ നിന്നും ലൈവത്തോണിൽ പങ്കുചേർന്നു.