ഈ ഓണക്കാലം വിദ്യാലയങ്ങളിലേയ്ക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഈ സൽപ്രവർത്തിയ്ക്കൊപ്പം എൽജിയും കൈകോർത്തു. ‘ഓണത്തിനൊരു കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസും എൽജി ഇലക്ട്രോണിക്സും ഒരുപിടി സമ്മാനങ്ങളുമായി വിദ്യാലയങ്ങളിൽ എത്തുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുരുന്നുകൾക്കാണ് പദ്ധതി സഹായകരമാകുന്നത്.
ദുർബല വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഗോത്രവർഗ മേഖലയിലെ വയനാട് നെല്ലാറച്ചാൽ സ്കൂൾ, നൂറു ശതമാനം മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന കാസർകോട് അടുക്കത്ത് ബയൽ ഫിഷറീസ് സ്കൂൾ, കൊട്ടാരക്കര പൂവറ്റൂർ ജി എൽപി സ്കൂൾ, തിരുവനന്തപുരം കുന്നത്തുകാൽ മൂവേരിക്കര എൽ പി സ്കൂൾ, ചേർത്തല ചക്കരക്കുളം ഗവണ്മെന്റ് എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ഓണ സമ്മാനവുമായി ഏഷ്യാനെറ്റ് ന്യൂസും എൽജി ഇലക്ട്രോണിക്സും കടന്നെത്തിയത്.
എൽജിയുടെ ഇലട്രോണിക് ഉപകരണങ്ങൾ അടങ്ങുന്ന സമ്മാനപ്പൊതി അപ്രതീക്ഷിതമായാണ് ഇവർ ഓരോ വിദ്യാലയത്തിലും എത്തിക്കുന്നത്. ടിവി, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫയർ തുടങ്ങിയ ഉപകരണങ്ങളാണ് ഓണത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ സ്കൂളിലേക്ക് നൽകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ചുവരുന്ന ഈ പദ്ധതിയിൽ ഇതുവരെ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് ഉപകാരം ലഭിച്ചു.