സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കാരായ അനിതാകുമാരിക്ക് കൈത്താങ്ങായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. പാലോട് സ്വദേശിയായ അനിതാകുമാരിയുടെ ബാങ്ക് വായ്പാ കുടിശിക അടച്ചു തീർത്ത് വീടിന്റെ ജപ്തിഭീഷണി ഒഴിവാക്കുമെന്ന് കത്തോലിക്കാ ബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ നേർക്കുനേർ പരിപാടിയിൽ അനിതാകുമാരിയുടെ വേദന കണ്ടറിഞ്ഞാണ് ബാവ സഹായഹസ്തം നീട്ടിയത്.
നാട്ടിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളേക്കാൾ മോശമാണ് ആശാ വർക്കർമാരുടെ അവസ്ഥ. അതുകൊണ്ട് അവരുടെ സമരത്തിൽ ഓർത്തഡോക്സ് സഭക്കും അനുഭാവപൂർവമായ നിലപാടാണ് ഉള്ളത്. അവരിൽ ഒരാളായ, മിനി നഴ്സ് ആയി സമൂഹത്തിൽ പ്രവർത്തിക്കുന്ന ആളുകളിൽ ഒരാളായ അനിതാകുമാരിക്ക് സമരം കഴിഞ്ഞു ചെല്ലുമ്പോൾ വീടില്ലാത്ത അവസ്ഥ ഉണ്ടാകാതെ ഇരിക്കാനാണ് സഹായം ചെയ്യുന്നതെന്നും ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ വ്യക്തമാക്കി.
പാലോട് സ്വദേശിയായ ആശാ വർക്കർ അനിതകുമാരി കേരളാ ബാങ്കിൽ നിന്നെടുത്ത രണ്ടു ലക്ഷം രൂപയുടെ വായ്പക്കാണ് സമരപന്തലിൽ നിൽക്കുമ്പോൾ ജപ്തി നോട്ടീസ് ലഭിച്ചത്. പലിശ അടക്കം രണ്ടുലക്ഷത്തി എണ്പത്തിയേഴായിരം രൂപ ഏഴു ദിവസത്തിനുള്ളിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന നോട്ടീസ് ലഭിച്ച കാര്യം അനിത കുമാരി നേർക്ക് നേർ പരിപാടിയിലാണ് വെളിവാക്കിയത്. മകൾക്ക് ആർ.സി.സിയിൽ ചികിത്സ നൽകുന്നതിനായാണ് വീട് പണയം വെച്ച് ഈ കുടുംബം വായ്പ എടുത്തത്. കാർഷിക വികസന ബാങ്കിൽ നിന്നെടുത്ത മൂന്നുലക്ഷം രൂപയുടെ വായ്പയും മുടങ്ങിയിട്ടുണ്ട്.