അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് വീരൻ കുടി ഊരിലെ കമലമ്മ പാട്ടിയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് കളക്ടർ ഇടപെട്ടത്. ജില്ലാ ട്രൈബൽ ഓഫീസറോട് ഊരിലെത്തി ഇടപെടണമെന്നാണ് ജില്ലാ കളക്ടർ കൃഷ്ണ തേജ നിർദേശിച്ചത്.
100 വയസിനു അടുത്തുള്ള കമലമ്മപാട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം പോലുമുണ്ടായിരുന്നില്ല. നാല് കിലോമീറ്ററോളം ചെങ്കുത്തായ മല കടന്നു വേണം ഊരിലെത്താൻ.
വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് കമലമ്മ കിടപ്പിലായത്.പുഴുവരിക്കുന്ന നിലയിലായിട്ടും ഇവർക്ക് വേണ്ടത്ര ആരോഗ്യ പരിചരണം നൽകാൻ ആരോഗ്യ വകുപ്പോ ട്രൈബൽ ഓഫീസർമാരോ ശ്രമിച്ചില്ല. കമലമ്മയുടെ ബന്ധുക്കളെ അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അതിന്റെ വരും വരായ്കകളെ കുറിച്ചും പറഞ്ഞു മനസിലാക്കി വയോധികയ്ക്ക് ചികിത്സ ലഭ്യമാക്കേണ്ട ഉദ്യോഗസ്ഥർ ഗുരുതരമായ അലംഭാവമാണ് ഇക്കാര്യത്തിൽ കാട്ടിയത്. രണ്ടു കോളനികളാണ് ഈ മേഖലയിൽ ഉള്ളത്. അരയക്കാപ്പ് കോളനിയും വീരൻകുടി ഊരും. റോഡിന്റെ ദയനീയാവസ്ഥ മൂലം
അരയക്കാപ്പ് കോളനിയിൽ തീപ്പൊള്ളൽ ഏറ്റ രോഗിയെ പുറത്തെത്തിക്കാൻ ബുദ്ധിമുട്ടു ഉണ്ടായത് അടക്കമുള്ള വാർത്തകൾ ഏഷ്യാനെറ്റ് ന്യൂസ് പുറംലോകത്തെ അറിയിച്ചിരുന്നു.