രണ്ടു മാസത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത സമ്മാനത്തുക ലഭിച്ചു. ഒരാഴ്ചക്കകം സമ്മാനത്തുക ലഭിക്കുമെന്ന കായിക മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കാകുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയാണ് ഉന്നതരുടെ കണ്ണ് തുറപ്പിച്ചത്. മന്ത്രി വി.അബ്ദുറഹിമാൻ ഒക്ടോബർ 19ന് പ്രഖ്യാപിച്ച സമ്മാനത്തുക രണ്ടു മാസത്തോളം വൈകിയാണ് ലഭിച്ചത്.
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ ആൻസി സോജൻ അടക്കമുള്ളവർ നേരിടുന്ന അവഗണനയാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്. ജേതാക്കളെ ആദരിക്കാൻ തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി ഉപഹാരം മാത്രമാണു സമ്മാനിച്ചത്. അപ്പോഴാണ് ഒരാഴ്ചക്കകം സമ്മാനത്തുക അക്കൗണ്ടിൽ എത്തുമെന്ന് കായികമന്ത്രി പ്രഖ്യാപിച്ചത്.
മറ്റ് സംസ്ഥാനങ്ങളെ പോലെ പാരിതോഷികം കൃത്യ സമയത്ത് നൽകാനായാൽ ഉപകാരമാകുമെന്നും ഇനി വരുന്ന തലമുറയിലെ കായിക താരങ്ങൾക്കുകൂടി വേണ്ടിയാണ് സംസാരിച്ചതെന്നും ആൻസി സോജൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ 10 മലയാളി താരങ്ങൾക്കാണു സമ്മാനത്തുക ലഭിച്ചത്. സ്വർണം നേടിയവർക്ക് 25 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 19 ലക്ഷവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷവുമായിരുന്നു സർക്കാർ പ്രഖ്യാപിച്ച സമ്മാനം. സമ്മാനം കൈപ്പറ്റിയതിനുശേഷം സർക്കാറിനും ഏഷ്യാനെറ്റ് ന്യൂസിനും ആൻസി സോജൻ നന്ദി അറിയിച്ചു. സംസ്ഥാനത്തുനിന്ന് പ്രോൽസാഹനം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളിൽ ചിലർ കേരളം വിടുമെന്നു പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു.