ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികക്ക് അരലക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തിൽ വഴിത്തിരിവായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. വയോധികയുടെ ദൈന്യാവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിഞ്ഞ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി സംഭവത്തിൽ ഇടപെടുകയായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രി കർക്കശമായ തുടർനടപടിക്കും നിർദേശം നൽകിയിട്ടുണ്ട്.
വാഗമൺ ഏലപ്പാറ പഞ്ചായത്തിലെ വട്ടപ്പതാൽ സ്വദേശി അന്നമ്മയ്ക്കാണ് കെ എസ് ഇ ബി 50,000 രൂപയുടെ വൈദ്യുത ബിൽ നൽകി ഇരുട്ടടി നൽകിയത്. മുൻപ് പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 15 ന് 49,710 രൂപയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലാണ് അന്നമ്മയുടെ കൈയിലെത്തിയത്. ഭീമമായ ബിൽ ഒഴിവാക്കാൻ പീരുമേട് സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിശ്ചേദിച്ചാണ് കെ.എസ്.ഇ,ബി പ്രതികരിച്ചത്.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതിനെ തുടന്ന് കൂലിപ്പണിയെടുത്താണ് അന്നമ്മ ജീവിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെ പണിയെടുക്കാനും വയ്യാതായി. തുക അടക്കാൻ നിർവാഹമില്ലാത്തതിനാൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണിപ്പോൾ അന്നമ്മ കഴിയുന്നത്. ഇഴ ജന്തുക്കളുടെ ശല്യമുള്ള പ്രദേശത്ത് കെ എസ് ഇ ബി യുടെ ഈ നടപടിയിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീറ്റർ റീഡിംഗ് എടക്കുന്നതിൽ വന്ന അനാസ്ഥയാണ് ഭീമമായ ബിൽ വരാൻ കാരണമെന്നാണ് സംശയം.