വിദ്യാവാഹിനി പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന കരാറുകാർക്ക് പണം മുടങ്ങിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ സർക്കാർ ഇടപെടൽ. ഒരു മാസത്തെ പണം കരാറുകാർക്ക് നൽകിയിരിക്കുകയാണ് പട്ടികവർഗ്ഗ വകുപ്പ്. ബാക്കി തുക 15 ദിവസത്തിനുള്ളിൽ നൽകുമെന്നും ഉറപ്പ് നൽകി. ഇതോടെ ശിശുദിനം മുതൽ 35 കുട്ടികളും സ്കൂളിലേക്ക് എത്തിത്തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് താത്കാലിക നടപടി.
ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി താളം തെറ്റിയതിനെ തുടർന്ന് അടിമാലി കുറത്തിക്കുടിയിലെ 35 കുട്ടികൾ കഴിഞ്ഞ 10 ദിവസമായി സ്കൂളില്‍ പോകാതെ ഊരിനുള്ളില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടത്. നാല് മാസത്തെ കുടിശ്ശിക കിട്ടാതെ വാഹനമോടിക്കില്ലെന്ന് കരാറുകാർ നിലപാടെടുത്തതോടെയാണ് വനത്തിനുള്ളില്‍ താമസിക്കുന്ന കുട്ടികള്‍ പ്രതിസന്ധിയിലായത്.
നാല് മാസത്തെ കുടിശ്ശികയാണ് പട്ടികവർഗ വകുപ്പ് കരാറുകാർക്ക് നൽകാനുണ്ടായിരുന്നത്. ഓരോ മാസവും കൃത്യമായി കുട്ടികളുടെ റിപ്പോര്‍ട്ട് സ്കൂള്‍ പട്ടികവർഗ്ഗ വകുപ്പിന് കൈമാറണം. റിപ്പോർട്ട് കിട്ടിയാലുടന്‍ വാഹനങ്ങള്‍ക്ക് പണം പാസാക്കി കൊടുക്കണം, ഇതാണ് ചട്ടം. റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയെന്നും തുകയുടന് പാസാക്കുമെന്നുമായിരുന്നു വിഷയത്തിൽ പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ വിശദീകരണം. കരാറുകാർക്ക് കിട്ടാനുള്ള പണം ലഭ്യമായതിന്റെ പശ്ചാത്തലത്തിൽ കുറത്തിക്കുടിയിലെ കുഞ്ഞുങ്ങൾക്ക് ഇനി സ്കൂളിൽ പോകാം.