പി.എസ്.സി പരീക്ഷയിലൂടെ മെച്ചപ്പെട്ട ജീവിതം സ്വപനം കാണുന്ന വിദ്യാർഥികളെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്. പൊലീസ് ബാന്റിലേക്ക് ആളെയെടുക്കാൻ പി എസ് സി നടത്തുന്ന പരീക്ഷയുടെ മറവിൽ നടക്കുന്ന വൻ ക്രമക്കേടാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തിയിരിക്കുന്നത് .
സംഗീത ഉപകരണങ്ങളുടെ പ്രാഥമീക പാഠങ്ങൾ പോലും പഠിക്കാത്തവർക്കു പണം വാങ്ങി സ്ഥാപനങ്ങൾ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എഴുതി നൽകുന്നതാണ് ഏഷ്യാനെറ്റ് സംഘം പുറത്തുകൊണ്ടുവന്നത്. പൊലീസ് ബാന്റ് പിഎസ് സി പരീക്ഷയ്ക്കുള്ള വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ രൂപ 3000 നൽകിയാൽ മതി. ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് 3000 മുതൽ 5000 രൂപവരെ കൈപ്പറ്റി തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ ജീവൻ സംഗീത് മ്യൂസിക് അക്കാദമി എന്ന സ്ഥാപനം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എഴുതി നൽകിയതിന്റെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനം നൽകുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊരു പരിശോധനയും കൂടാതെയാണ് ജില്ലാ രജിസ്ടാർ ഓഫീസിൽ അറ്റസ്റ്റ് ചെയ്ത് നൽകുന്നത്.
പൊലീസ് സേനയുടെ ഭാഗമായ ബാന്റ് സംഘത്തിലേക്കാണ് പിഎസ് സി അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും സംഗീത ഉപകരണങ്ങള്‍ വായിക്കാനുള്ള പരിചയവുമായിരുന്നു യോഗ്യത. എഴുത്തു പരീക്ഷക്ക് ശേഷം ഉദ്യോഗസ്ഥാർത്ഥികളോട് ഒരു വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പിഎസ്സി സൈറ്റിൽ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. സംഗീതപഠനം പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ സർഫിക്കറ്റോ, മാർക്ക് ലിസ്റ്റോ പിഎസ്.സി ആവശ്യപ്പെട്ടിരുന്നില്ല. ഈ പഴുത് മുതലാക്കി വ്യാപക തട്ടിപ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് വഴിയൊരുക്കിയത്.
തട്ടിപ്പിന് നേതൃത്വം നൽകുന്ന സ്ഥാപനം പൊലീസ് ബാന്റിൽ ജോലി ചെയ്തിരുന്ന പൊലീസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ്. പണം കൊടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകള്‍ യഥേഷ്ടം നൽകുന്നതറിഞ്ഞ് സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആശയെ ബന്ധപ്പെട്ട വാർത്താ സംഘത്തോട് കോട്ടക്കകത്തെ ജില്ലാ രജിസട്രാറർ ഓഫീസിന് മുന്നിൽ വരാനാണ് ആവശ്യപ്പെട്ടത്. 3000 രൂപ വീതം വാങ്ങിയാണ് സീലും സർട്ടിഫിക്കറ്റും നൽകിയത്.
സംഗീത ഉപകരണങ്ങള്‍ വായിക്കേണ്ട പരീക്ഷയാണ് ഇനി നടക്കാനുള്ളതെന്നും ഉപകരണങ്ങൾ വായിക്കാനറിയില്ലെന്നും പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോട് ഇന്റർവ്യൂ ബോർഡിലും ആൾക്കാറുണ്ടെന്നും 25 ഓളം പൊലീസുകാർ ഇതിനുപിന്നിലുണ്ടെന്നുമാണ് പ്രിൻസിപ്പൽ ഉറപ്പുനൽകുന്നത്. പി.എസ്.സി ഇൻറവ്യൂ ബോർഡിലുള്ളവരാണ് ഈ സ്ഥാപനത്തിന്റെ ഹെഡായുളളതെന്നും ജയിക്കാനുള്ള വിദ്യകള്‍ പറഞ്ഞ് നൽകാമെന്നും ആശ വാഗ്ദാനവും നൽകുന്നുണ്ട്.