തിരുവനന്തപുരം : യൂ ട്യൂബിൽ ഒരു കോടി സബ്സ്ക്രൈബേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഏഷ്യാനെറ്റ് ന്യൂസ്. ഈ നേട്ടത്തിലെത്തുന്ന മലയാളത്തിലെ ആദ്യ വാർത്താ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ദക്ഷിണേന്ത്യയിൽ ടിവി 9 തെലുഗു, കന്നഡ ചാനലുകൾ കഴിഞ്ഞാൽ ഏറ്റവുമധികം യുട്യുബ് സബ്സ്ക്രൈബർമാരുള്ള വാർത്താചാനലും ഏഷ്യാനെറ്റ് ന്യൂസാണ്.10.2 ബില്യണ്‍ വ്യൂസാണ് ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനലിന് ഇതുവരെ ലഭിച്ചത്.
2008 സെപ്തംബറിൽ ആരംഭിച്ച ഏഷ്യാനെറ്റ് ന്യൂസ് യുട്യൂബ് ചാനൽ 2018 ഫെബ്രുവരിയില്‍ 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ 25 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നാഴികല്ലും 2020 ഏപ്രിലില്‍ 40 ലക്ഷം യൂ ട്യൂബ് സബ്ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ച ഏഷ്യാനെറ്റ് ന്യൂസ് 2021 ജനുവരിയില്‍ 50 ലക്ഷം എന്ന നേട്ടത്തിലേക്ക് എത്തി. സാമൂഹ്യ മാധ്യമങ്ങൾ വാർത്താ വീക്ഷണ ഉപാധിയായി കൂടുതൽ മാറിയ മൂന്ന് വര്‍ഷം കൊണ്ട് 40 ലക്ഷം സബ് സ്ക്രൈബർമാർ എത്തിയതോടെ 90 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് എത്തി. ഒരു കോടി പ്രേക്ഷകരുടെ സ്ഥിരം ഇഷ്ട കാഴ്ചാ പ്ലാറ്റ്ഫോമായി ഏഷ്യാനെറ്റ് ന്യൂസ് ചരിത്രം കുറിച്ചിരിക്കുന്നത്.
റേറ്റിംഗില്‍ വര്‍ഷങ്ങളായി മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്, ഡിജിറ്റല്‍ ഇടങ്ങളിലും എക്കാലവും മുന്നിലാണ്. വിരല്‍ തുമ്പില്‍ വാര്‍ത്തകളെത്തുന്ന ഡിജിറ്റല്‍ ലോകത്ത് ഫേസ്ബുക്കിലും മലയാളി തിരയുന്നത് എഷ്യാനെറ്റ് ന്യൂസിനെ തന്നെയാണ്. ആറ് മില്യണ്‍ മലയാളികളാണ് ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 1.1 മില്യണ്‍ ഫോളോവേഴ്സാണ് പുതുതലമുറയുടെ പ്രിയപ്പെട്ട ഡിജിറ്റല്‍ ഇടമായ ഇന്‍സ്റ്റഗ്രാമിലുള്ളത്.