മലയാള ടെലിവിഷൻ ചാനൽ ചരിത്രത്തിൽ നവവഴിത്താര സൃഷ്ടിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ കവർ സ്റ്റോറി 800 എപ്പിസോഡുകൾ പിന്നിടുന്നു. 18 വർഷങ്ങൾക്ക് മുൻപ് ഒരു വനിതാ മാധ്യമപ്രവർത്തക തുടങ്ങിവെച്ച രാഷ്ട്രീയ-സാമൂഹ്യ വിമർശന വിശകലനം ഇന്നും അവിരാമം പ്രേക്ഷകരിലേക്ക് എത്തുന്നുവെന്നതും 800 എപ്പിസോഡുകൾ പിന്നിടുന്നുവെന്നതും എന്നതും സമാനതകളില്ലാത്ത ഒരു നാഴികക്കല്ലാണ്. ബ്യുറോ ചീഫ് എന്ന നിലയിൽ പ്രതിവാരപരിപാടി അവതരിപ്പിച്ചു തുടങ്ങിയ സിന്ധു സൂര്യ കുമാർ കവർ സ്റ്റോറിയുടെ ജനകീയതക്കൊപ്പം വളർന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ എക്സിക്യൂട്ടീവ് എന്ന നിലയിലേക്ക് ഉയർന്നു.
ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് രാഷ്ട്രീയ-സാമൂഹ്യ നേതൃത്വങ്ങളെ ഒരു മടിയും കൂടാതെ വിമർശിക്കാനാകുമോ എന്ന് സന്ദേഹപ്പെടുന്നവർക്കുള്ള മറുപടിയാണ്, ഏഷ്യാനെറ്റ് ന്യൂസ് കവർ സ്റ്റോറി. തമാശയിൽ പൊതിഞ്ഞുള്ള വിമർശനം എന്ന രീതിയെക്കാൾ, രൂക്ഷമായ ഭാഷയിൽ രാഷ്ട്രീയ വിമർശനം നടത്തുക എന്ന രീതിക്കായിരുന്നു കവർസ്റ്റോറിയിൽ മുൻതൂക്കം. അതുകൊണ്ടു തന്നെ ചുണ്ടിലൊരു മന്ദഹാസവുമായി സിന്ധു സൂര്യകുമാർ നടത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾ ജനങ്ങൾക്ക് ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം നടത്തുന്ന ആത്മരോക്ഷങ്ങളായി അനുഭവപ്പെട്ടു. ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിൻെറയും പ്രതിപക്ഷം എന്ന നിലയിൽ ഒരു വിഷയത്തെ കൊണ്ടുതന്നെ, എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ നൂറ് ലക്ഷ്യത്തിലെത്തുമ്പോൾ ആയിരം എന്ന മട്ടിലാണ് ഓരോ എപ്പിസോഡുകളിലും വിമർശനം പാഞ്ഞിരുന്നത്.
2006ൽ ആരംഭിച്ച കവർ സ്റ്റോറിയിൽ പിണറായിയും കെ.കരുണാകരനും വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വെള്ളാപ്പള്ളിയും ജി.സുകുമാരൻ നായരും കാന്തപുരവും ബിഷപ്പുമാരും ഉൾപ്പെടെ മുതിര്‍ന്ന രാഷ്ട്രീയ-സാമുദായിക നേതാക്കളടക്കം വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്. സിപിഎമ്മും കോൺഗ്രസും ബിജെപിയുമടക്കം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ നയവ്യതിയാനങ്ങളുടെ പേരിൽ, നിലപാടില്ലായ്മയുടെ പേരിൽ, സമൂഹത്തിനു മുന്നിൽ കാട്ടുന്ന കാപട്യങ്ങളുടെ പേരിൽ ഒരു മറയുമില്ലാതെ കവർ സ്റ്റോറി വിമർശിച്ചു കൊണ്ടേയിരുന്നു. ഫലത്തിൽ, ഓരോ കവർ സ്റ്റോറി കഴിയുമ്പോഴും ആ പരിപാടിക്കും അവതാരകയ്ക്കും കൂടുതൽ വിമർശകർ ഉണ്ടായിക്കൊണ്ടേ ഇരുന്നു. അപ്പോഴും, ജനം തങ്ങളുടെ നാവായി മാറിയ പരിപാടിയെ അകമഴിഞ്ഞു പിന്തുണച്ചു കൊണ്ടേയിരുന്നു.
ഓരോ ആഴ്ചയിലെയും പ്രധാന സംഭവങ്ങളുടെ അവലോകനമാണ് കവര്‍സ്റ്റോറിയിലൂടെ മലയാളി കേട്ടിരുന്നത്.
വാര്‍ത്തകളുടെ പിന്നാമ്പുറത്ത് പലതുമുണ്ടാകും. അതറിയാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. അത് തുറന്ന് പറഞ്ഞതാണ് കവര്‍സ്റ്റോറി. വനിതാ മാധ്യമ പ്രവര്‍ത്തക അവതരിപ്പിക്കുന്ന പരിപാടിയെന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യത കവര്‍സ്റ്റോറിക്ക് ലഭിച്ചിട്ടുണ്ട് എന്ന കാര്യത്തിലും തര്‍ക്കമില്ല. ലോകജാലകമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ തന്നെ അളകനന്ദ അവതരിപ്പിക്കുന്ന പ്രതിവാര വാർത്താധിഷ്ഠിത പരിപാടി ആയിരം എപ്പിസോഡുകൾ പിന്നിട്ടതാണ് കവർ സ്റ്റോറിക്ക് സമാനമായൊരു വിജയചരിത്രമുള്ള വനിതാ മാധ്യമപ്രവർത്തകയുടെ പരിപാടി. എന്തൊക്കെ തന്നെയായാലും, കവർ സ്റ്റോറിയുടെ യാത്രക്കും ജനപ്രീതിക്കും സമാനമായി മുന്നിൽ നടന്നവരോ ഒപ്പം നടന്നവരോ ആയ ഒരു രാഷ്ട്രീയ വിശകലന നിലവിൽ മലയാള ദൃശ്യ മാധ്യമ സജീവമായി നിലകൊള്ളുന്നില്ല. കടുത്ത വിമർശനങ്ങളുടെ വാളെടുത്തവർ പോലും ഒരാഴ്ച വിടാതെ ആ പെൺശബ്ദത്തിന് ചെവിയോർക്കുന്നതുകൊണ്ടാണ് 800 എപ്പിസോഡും പിന്നിട്ട കവർസ്റ്റോറി ഇന്നും അജയ്യമായി നിലകൊള്ളുന്നത്.