മലയാള വാർത്താചാനലുകളുടെ റേറ്റിങ്ങിൽ അചഞ്ചലമായ ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാമതുള്ള ചാനലിനേക്കാൾ ബാർക്ക് റേറ്റിങ്ങിൽ 31 പോയിന്റിന്റെ വ്യത്യാസത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. വമ്പൻ മുതൽമുടക്കുമായി വന്ന ചാനലുകളിൽ ചിലത് 30 പോയിന്റ് പോലും തികയ്ക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് മലയാളികളുടെ എക്കാലത്തെയും ആദ്യ വാർത്താ ചോയ്സ് എന്ന പേര് അന്വർഥമാക്കി ഏഷ്യാനെറ്റ് കുതിക്കുന്നത് .
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സഖ്യങ്ങളുടെ ഇടർച്ചകളും അയോധ്യാ രാമക്ഷേത്രത്തിലെ ലോകശ്രദ്ധ നേടിയ പ്രാണപ്രതിഷ്ഠയുമെല്ലാം വാർത്താചാനലുകൾ തത്സമയം ജനങ്ങളിലേക്ക് എത്തിച്ചിരുന്ന ദിവസങ്ങളിലെ റേറ്റിങ് ആണ് നിലവിൽ പുറത്തുവന്നത്. വാർത്ത കാണാൻ ജനത്തെ പ്രേരിപ്പിക്കുന്ന വിവിധഘടകങ്ങൾ ഒരേപോലെ വന്ന ഇക്കാലയളവ് പ്രേക്ഷകരുടെ വാർത്താ ചോയ്സുകൾ സംബന്ധിച്ചുള്ള ഉരകല്ലായിരുന്നു. ഈ കണക്കെടുപ്പുകളിലാണ് ഏഷ്യാനെറ്റ് തങ്ങളുടെ അപ്രമാദിത്യം നിലനിർത്തി തിളങ്ങിയത്. മലയാളത്തിലെ വാർത്താചാനലുകൾക്ക് പോയവാരത്തിൽ ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു.
ജനുവരി 20 മുതൽ 26 വരെയുള്ള ദിവസങ്ങളിലെ ബാർക്ക് റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 114.66 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസ് ചാനലിന് 83.12 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ മനോരമ ന്യൂസും മാതൃഭൂമി ന്യൂസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 51.24 പോയിന്റോടെ മനോരമ മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മാതൃഭൂമി ന്യൂസ് ചാനലിന് 50.76 പോയിന്റാണ് നേടാനായത്. അതേസമയം പോയവാരം ഏറ്റവും അധികം കുതിപ്പു നടത്തിയത് ജനം ടിവിയും മീഡിയാവണ്ണുമാണ്. മീഡിയാ വൺ 35.22 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടർന്നു.
റിപ്പോർട്ടറിനെയും കടത്തിവെട്ടിയാണ് ജനം ടിവി കുതിച്ചത്. 34.99 പോയിന്റാണ് ജനം ടിവിക്ക് ഉണ്ടായത്. ആറാം സ്ഥാനത്താണ് ജനം.അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളാണ് ജനം ടിവിയുടെ കുതിപ്പിന് ഇടയാക്കിയത്. പോയവാരം റിപ്പോർട്ടർ ടിവി 25.03 പോയിന്റ് നേടിയപ്പോൾ കൈരളി ന്യൂസ് ചാനൽ 22.84 പോയിന്റാണ് നേടിയത്. 16.34 പോയിന്റോടെ ന്യൂസ് 18 കേരളയാണ് ഏറ്റവും പിന്നിൽ.
അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോഴുള്ള സമയത്തെ ചാനലുകളുടെ റേറ്റിങ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടെയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തു തുടരുന്നു. ഏഷ്യാനെറ്റിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ജനം ഇടം പിടിച്ചത്. പ്രാണപ്രതിഷ്ഠ നടന്ന 22ാം തീയ്യതി രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്തിലാണ് ജനം രണ്ടാമതെത്തിയത്. മൂന്നാം സ്ഥാനത്ത് 24 ന്യൂസ് ഇടം നേടിയപ്പോൾ മാതൃഭൂമിയാണ് നാലാമതായത്. മനോരമ, മീഡിയാ വൺ, ന്യൂസ് 18 കേരള, റിപ്പോർട്ടർ, കൈരളി ന്യൂസ് എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.