ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജയ്ക്ക് ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും കാഴ്ച നഷ്ടമായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിർധന കുടുംബം ആയതിനാൽ കാര്യമായ ചികിത്സ നടന്നില്ല. പരസഹായം ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ശ്രീജയുടെ ദുരിതപൂർണ്ണമായ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെ പുറംലോകം അറിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വർത്ത ശ്രദ്ധയിൽപ്പെട്ട നടൻ മമ്മൂട്ടി ശ്രീജയ്ക്ക് സഹായഹസ്തവുമായി മുന്നോട്ട് വന്നു.
കാഞ്ഞൂർ തിരുനാരായണപുരം പരേതനായ കുട്ടപ്പന്റെയും അമ്മിണിയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ ആളാണ് മുപ്പത്തിയേഴുകാരിയായ ശ്രീജ. വേദന സഹിക്കാൻ കഴിയാതെ ഉറക്കെ കരയും. ഒന്നും ചെയ്യാൻ കഴിയാതെ അമ്മിണി അടുത്തിരുന്ന് നിശ്ശബ്ദമായി കരയും. ഇവരുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിഞ്ഞ മമ്മൂട്ടി ശ്രീജയുടെ ചികത്സ ഏറ്റെടുക്കാൻ തയ്യാറാകുക ആയിരുന്നു. തുടർന്ന് മമ്മൂട്ടിയും പത്തനാപുരം ഗാന്ധിഭവനും ചേർന്ന് ശ്രീജയെ ഏറ്റെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നു.
കണ്ണിന് കാഴ്ച്ച ലഭിക്കുമോ എന്നറിയാൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതരോട് പരിശോധിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടു. എന്നാൽ വിദഗ്ദ പരിശോധനയിൽ ശ്രീജയുടെ കണ്ണുകൾക്ക് കാഴ്ച്ച ലഭിക്കില്ലെന്ന് മനസിലായി. ശ്രീജയുടെ ദുരവസ്ഥയുടെ ആഴം മനസ്സിലാക്കിയ മമ്മൂട്ടി തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരനുമായി ചർച്ച നടത്തി. ഗാന്ധി ഭവൻ രക്ഷാധികാരി കൂടിയായ ശ്രീ മുരളീധരൻ ഗാന്ധിഭവൻ ചെയർമാൻ സോമരാജനുമായി സംസാരിക്കുകകയും ശ്രീജയെ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ആയിരുന്നു. ഒടുവില്‍ ശ്രീജയെ ഗാന്ധിഭവനിലേക്ക് മാറ്റുകയും ചെയ്തു.