ഫോർട്ട്കൊച്ചി ബീച്ചിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര അടിപൊളി ടൂറിസം അധികാരികളുടെ കണ്ണുതുറപ്പിച്ചു. എറണാകുളത്ത് ഏറ്റവുമധികം ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ എത്തുന്ന ഫോർട്ട് കൊച്ചി ബീച്ചിന്റെ നവീകരണങ്ങൾ നാളെ ആരംഭിക്കും. കൊച്ചി മെട്രോയും കൊച്ചി കോർപ്പറേഷനും ചേർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ചർച്ച ചെയ്ത അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം ഒരുക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബീച്ചിലേക്കുള്ള നടപ്പാതകൾ, കത്താത്ത വഴിവിളക്ക്, ബീച്ചിന്റെ തീരത്തും ഓരത്തുമായി കുന്നുകൂടി കിടക്കുന്ന മാലിന്യം, എങ്ങുമെത്താതെ നീളുന്ന നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘം ചർച്ചയാക്കിയത്. എറണാകുളം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ നിജസ്ഥിതി ചർച്ച ചെയ്യുന്ന അടി’പൊളി’ ടൂറിസം പരമ്പരയുടെ ഭാഗമായാണ് ആദ്യ എപ്പിസോഡിൽ തന്നെ ഫോർട്ട് കൊച്ചി ബീച്ച് വാർത്ത വന്നത്. ഇതോടെ കൊച്ചി മെട്രോയും, കൊച്ചി കോർപ്പറേഷനും ഇക്കാര്യത്തിൽ ഇടപെട്ടു.
നടപ്പാതയിലെ പൊട്ടിയ ടൈലുകൾ മാറ്റി സ്ഥാപിക്കാനും വഴിവിളക്കുകൾ പ്രവർത്തന സജ്ജമാക്കാനും കാൽനടക്കാർക്ക് വേണ്ടയിടത്ത് കൃത്യമായ വെളിച്ചമെത്തിക്കാനുമാണ് ആദ്യ ശ്രമം. ഒപ്പം ബീച്ചിന്റെ പരിസരത്ത് മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. നടപ്പാതയിലുള്ള പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിന് പുരാവസ്തു സംരക്ഷണ വകുപ്പുമായി ചേർന്ന് നടപടിയുണ്ടാകും. 1.62 കോടി രൂപയാണ് പദ്ധതിക്കായി കൊച്ചി മെട്രോ ലിമിറ്റഡ് മാറ്റിവെച്ചിരിക്കുന്നത്. വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക് എത്തുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത് കൂടി കണക്കിലെടുത്താണ് നവീകരണം നടത്തുക.