മലയാള വാർത്താ ചാനലുകളുടെ റേറ്റിങ് യുദ്ധത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമത്. നാല് ആഴ്ചകൾ മാത്രം ഒന്നാം സ്ഥാനം നേടിയ 24 ന്യൂസിനെ പിന്തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസ് 24 ന്യൂസിന് തൊട്ടടുത്ത് ഇടം പിടിച്ചപ്പോൾ തന്നെ ഈ മാറ്റം മാധ്യമലോകം പ്രതീക്ഷിച്ചിരുന്നു.
109.0 റേറ്റിങ് പോയിന്റുകളാണ് ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് കഴിഞ്ഞ വാരമുള്ളത്. കഴിഞ്ഞ ആഴ്ച 132 .2 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. 24 ന്യൂസിന് 100.8 പോയിന്റും റിപ്പോർട്ടർ ചാനലിന് 92.8 പോയിന്റുമാണ് ഉള്ളത്. 132.7 എന്ന സ്ഥാനത്തു നിന്നാണ് 24 ന്യൂസ് 100.8 എന്ന സ്ഥാനത്തേക്ക് വീണത്. 110 . 5 പോയിന്റ് ഉണ്ടായിരുന്ന റിപ്പോർട്ടർ 92.8 ലേക്കും വീണു.മലയാളം വാർത്താ ചാനലുകളുടെ ആകെ റേറ്റിങ്ങിൽ ഇടിവ് ഉണ്ടായതാണ് കഴിഞ്ഞ വാരത്തെ ശ്രദ്ധേയമായ കാര്യം. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസിനാണ് റേറ്റിങ് പോയിന്റിൽ കുറഞ്ഞ ഇടിവ് സംഭവിച്ചത്.
നേരത്തെ ട്വന്റി ഫോർ ന്യൂസും റിപ്പോർട്ടറും റാങ്കിങ്ങിൽ കുതിപ്പ് ഉണ്ടാക്കിയപ്പോൾ അത് വാർത്തയെ ഇവന്റാക്കി മാറ്റിയത് കൊണ്ടുള്ള മാറ്റമാണെന്നും ഇവന്റുകൾ ഇല്ലെങ്കിൽ തൽസ്ഥിതി നിലനിർത്താൻ ഇരു ചാനലുകളും ബുദ്ധിമുട്ടുമെന്നും വാർത്താ ലോകത്തെ നിരീക്ഷിക്കുന്നവർ പറഞ്ഞിരുന്നു. അത് ശരി വെച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടും അതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളും നാടകീയത ഇല്ലാതെ വസ്തുതാപരമായി അവതരിപ്പിച്ചതും ഏഷ്യാനെറ്റ് ന്യൂസിന് ഗുണകരമാകുകയും ചെയ്തു.
നാലാം സ്ഥാനത്ത് 53.3പോയിന്റുമായി മനോരമയും അഞ്ചാം സ്ഥാനത്ത് 41.7 പോയിന്റുമായി മാതൃഭൂമിയും ഉണ്ട്. കഴിഞ്ഞ ആഴ്ച കൈരളിയെ വെട്ടിച്ച് ആറാം സ്ഥാനത്തേക്ക് കയറിയ ജനം ടിവി 21.7 പോയിന്റോടെ ഇക്കുറിയും ആ സ്ഥാനം നിലനിർത്തി. കൈരളിക്ക് 19.9 പോയിന്റാണ് ഉള്ളത്. 17.1 പോയിന്റോടെ ന്യൂസ് 18 എട്ടാം സ്ഥാനത്തും 13.6 പോയിന്റോടെ മീഡിയ വൺ ഒന്പതാം സ്ഥാനത്തുമാണ്.