കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടർ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. മാതാപിതാക്കൾ വോട്ടു ചെയ്യുമെന്ന് വിദ്യാർത്ഥികൾ സത്യവാങ് മൂലം നൽകണമെന്ന വിചിത്ര ഉത്തരവാണ് ജില്ലാ കളക്ടർ പിൻവലിച്ചത്. ഈ തലതിരിഞ്ഞ ഉത്തരവിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയാണ് കളക്ടറുടെ ഇടപെടലിന് വഴിയൊരുക്കിയത്. കേട്ടുകേൾവിയില്ലാത്ത ഈ വോട്ടര്‍ ബോധവത്ക്കരണ പരിപാടി നിര്‍ത്തി വയ്ക്കാന്‍ സ്വീപ് നോഡല്‍ ഓഫീസര്‍ക്കാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
കാസർകോട് ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാഗവും ചേർന്നാണ് സത്യവാങ് മൂലം തയ്യാറാക്കിയത്. ഉത്തരവാദിത്തപ്പെട്ട പൗരന് എന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്നാണ് കുട്ടികൾ സത്യവാങ്മൂലം നല്കേടിയിരുന്നത്.വിദ്യാർത്ഥിയും രക്ഷാകർത്താവും ഒപ്പിട്ട് നൽകുന്ന ഈ സത്യവാങ്മൂലം സ്കൂളിലെ പ്രധാനാധ്യാപകൻ ബൂത്ത് തല ഓഫീസർക്ക് കൈമാറും. ഇന്നായിരുന്നു അതിനുള്ള തീയതി. ഇതാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്.വോട്ട് ചെയ്യുന്ന പോലെ തന്നെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും നിര്‍ബന്ധിച്ച് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ഇതിനെ എതിർക്കുന്നവരുടെ പക്ഷം. ഒടുവിൽ, ഇതൊരു നിർബന്ധിത പരിപാടിയല്ല എന്ന വിശദീകരണത്തോടെ കളക്ടർ നിർത്തിവെക്കാനുള്ള ഉത്തരവ് നൽകുകയായിരുന്നു.