നെല്ല് സംഭരണ വിവാദത്തിൽ കുരുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ കാര്‍ഷികോത്സവം പരിപാടിയില്‍ ജയസൂര്യ നടത്തിയ പരാമർശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. പൊതുപരിപാടിയിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നെല്ല് കർഷകരുടെ സംഭരണ വിഷയത്തിലെ പരാതി ജയസൂര്യ ചൂണ്ടിക്കാട്ടിയത് ഇടതുപക്ഷത്തിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരുന്നത്. മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ എന്നിവർ പരസ്യമായി ജയസൂര്യക്കെതിരെ നടത്തിയ രൂക്ഷമായ പ്രതികരണങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. പതിവുപോലെ സൈബർ അണികളും കാര്യം ഏറ്റെടുത്ത് കഴിഞ്ഞു.
ജയസൂര്യയുടെ പ്രസ്താവന തെറ്റാണെന്ന് വരുത്താനും പ്രസ്താവനക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് സ്ഥാപിക്കാനും ലക്ഷ്യം വച്ചാണ് ട്രോളുകളേറെയും. ചിലർ ഒരുപടി കൂടി കടന്ന് ജയസൂര്യ തൻ്റെ പ്രസ്താവന തിരുത്തി എന്ന വ്യാജ വാർത്തയും നിർമ്മിച്ചു. അതിന് ഉപയോഗിച്ചതാകട്ടെ ഇടതുപക്ഷം തങ്ങളുടെ പ്രമുഖ ശത്രുവായി കരുതുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താ ചാനെലിനെയും. പറഞ്ഞ വാദങ്ങള്‍ തെറ്റാണെന്ന് ജയസൂര്യ വ്യക്തമാക്കിയതായി സാമൂഹ്യ മാധ്യമങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പക്ഷേ, ഈ അടവിന് അധികം ആയുടുണ്ടായില്ല. വ്യാജ സ്ക്രീൻഷോട്ട് ശ്രദ്ധയിൽപെട്ട ചാനെലിൻ്റെ ഫാക്ട് ചെക്ക് ടീം ഉടനടി തന്നെ പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് വാർത്ത പ്രസിദ്ധീകരിച്ചു.
അതേസമയം, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജയസൂര്യ വ്യക്തമാക്കി. ഒന്നും താൻ ഇതുവരെ മാറ്റിപ്പറഞ്ഞിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വരുന്ന വിവാദങ്ങള്‍ കാര്യമാക്കുന്നില്ല എന്നും ജയസൂര്യ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള മനോഭാവത്തെ പരസ്യ വേദിയില്‍ വിമര്‍ശിച്ച നടൻ ജയസൂര്യ താൻ ആ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നും വ്യക്തമാക്കി.
ഓണത്തിനു മുമ്പാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തുന്നു. അന്ന് ഞാൻ പറഞ്ഞതില്‍ എന്തോ അപരാധമുണ്ട് എന്നാണ് വിമര്‍ശനം. ഞാൻ അതൊന്നും മാറ്റി പറയുന്നില്ല. പ്രോഗ്രാമിന് പങ്കെടുക്കാൻ പോകുമ്പോള്‍ കൃഷി മന്ത്രി ഉണ്ടെന്നറിഞ്ഞിരുന്നില്ല. പക്ഷേ കൃഷി മന്ത്രി അവിടെ വന്നപ്പോള്‍ ആ വിഷയം പൊതുവേദിയില്‍ ഉന്നയിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ആ വിഷയം ഉന്നയിച്ചത്. സാമൂഹ്യ മാധ്യമത്തിലോ മന്ത്രിമാരോട് നേരിട്ട് പറഞ്ഞാലോ പ്രശ്നം തീരില്ല. ഈ പ്രശ്നം പൊതുസമൂഹത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ അവിടെ പറഞ്ഞത് എന്നും ജയസൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ആറ് മാസത്തിന് മുമ്പ് നെല്ല് കര്‍ഷകരില്‍ നിന്ന് സ്വീകരിക്കുകയും തിരുവോണ ദിനത്തിലും അതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുക്കാതിരുന്നപ്പോള്‍ അവര്‍ക്ക് പട്ടിണി കിടക്കേണ്ടി വന്ന ദുരിതം താൻ പുറത്ത് എത്തിച്ചതാണ്. കൃഷ്ണപ്രസാദില് നിന്നാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. കര്‍ഷകര്‍ക്ക് പണം ലഭിക്കാനുണ്ട്, കഷ്ടപ്പാടിലാണ്, എവിടെയെങ്കിലും പ്രശ്നം ധരിപ്പിക്കണം എന്നാണ് നടനുമായ കൃഷ്ണപ്രസാദ് പറഞ്ഞത്. ഈ പ്രശ്നം പറഞ്ഞതുകൊണ്ടുള്ള വിമര്‍ശനങ്ങളെ താൻ ഗൗനിക്കുന്നില്ല. ഞാൻ മന്ത്രിയുടെ അറിവിലേക്കാണ് പറഞ്ഞത്. ആറു മാസത്തിന് ശേഷം പണം കര്‍ഷകര്‍ക്ക് നല്‍കാത്തത് അനീതിയല്ലേ. കര്‍ഷകര്‍ക്ക് പണം ലഭിക്കാത്തതല്ലേ ചര്‍ച്ചയാകേണ്ടത്. അല്ലാതെ ഞാൻ പറഞ്ഞതാണോ തെറ്റെന്നും ചോദിക്കുകയാണ് നടൻ ജയസൂര്യ.
മന്ത്രിമാരായ പി പ്രസാദും പി രാജീവും വേദിയിലിരിക്കവേയായിരുന്നു നടൻ ജയസൂര്യ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെടുകയായിരുന്നു. സപ്ലൈകോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോത്സവത്തില്‍ സംസാരിക്കവേ ജയസൂര്യ അഭിപ്രായപ്പെട്ടിരുന്നു.