ഹാംഗ്ഝൗ : പത്തൊമ്പതാം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറില്തൊട്ടു. ശനിയാഴ്ച നടന്ന വനിതാ കബഡിയില്‍ ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണംനേടി.
ഇതോടെ ഇന്ത്യ 100 മെഡല്‍ തികച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് തായ്പേയ്ക്കെതിരേ 26-25 നായിരുന്നു ഇന്ത്യയുടെ വിജയം. വനിതാ കബഡി ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയിരുന്നു. പുരുഷന്മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ മെഡല്‍ വേട്ട 100 കടക്കുമെന്ന് ഉറപ്പായി.
നിലവില്‍ 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.