ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിനാണ് കളി.
പ്രതീക്ഷകളോടെയാണ് ഇഗർ സ്റ്റിമച്ചിന്റെ സംഘം ഇറങ്ങുന്നത്. കഴിഞ്ഞവർഷം മൂന്ന് ടൂർണമെന്റുകളാണ് ഇന്ത്യ ജയിച്ചത്. കുവൈത്ത്, ലെബനൻപോലുള്ള ടീമുകളെ തോൽപ്പിക്കാനും കഴിഞ്ഞു. പക്ഷേ, എഎഫ്സി ഏഷ്യൻ കപ്പ് മറ്റൊരു വേദിയാണ്. വമ്പൻമാരുടെ കളം.
ഇന്ത്യ ഉൾപ്പെട്ട ബി ഗ്രൂപ്പിൽ ഒട്ടും എളുപ്പമല്ല കാര്യങ്ങൾ. ലോകകപ്പ് കളിച്ച ഓസ്ട്രേലിയയെ കൂടാതെ ഉസ്ബെക്കിസ്ഥാനും സിറിയയുമാണ് മറ്റു എതിരാളികൾ. ഓസ്ട്രേലിയ കിരീടപ്രതീക്ഷയുള്ള ടീമാണ്. ഫിഫ റാങ്കിങ് പട്ടികയിൽ 25-ാംസ്ഥാനം. ഏഷ്യയിൽ നാലാമത്. സമനിലയെങ്കിലും പിടിക്കാനായാൽ ഇന്ത്യക്കത് വലിയ നേട്ടമാകും. ഉസ്ബെക്കിസ്ഥാൻ പട്ടികയിൽ 68-ാമതാണ്. ഏഷ്യൻ റാങ്കിങ്ങിൽ ഒമ്പതാമത്. പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ സാധ്യതയുള്ള ടീം. മൂന്നാമത്തെ ടീമായ സിറിയ 91-ാംറാങ്കിലാണ്. ഏഷ്യയിൽ 14-ാംസ്ഥാനം.ഇന്ത്യക്ക് 102-ാംറാങ്കാണ്. ഏഷ്യയിൽ 18–-ാമതും. പ്രീ ക്വാർട്ടറിൽ കടന്നാൽപ്പോലും ചരിത്രനേട്ടമാകും.
ഓസ്ട്രേലിയയുടെ അതിവേഗ കളിക്ക് എങ്ങനെ മറുപടി നൽകുമെന്നാണ് കോച്ച് സ്റ്റിമച്ചിന്റെ ആശങ്ക. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇപ്പോഴും ടീമിന്റെ പ്രധാന ഗോളടിക്കാരൻ. 100 ഗോളെന്ന അനുപമനേട്ടത്തിന് അരികെയാണ് ഛേത്രി. പ്രതിരോധക്കാരൻ സന്ദേശ് ജിങ്കനാണ് മറ്റൊരു പ്രധാനതാരം. പ്രീതം കോട്ടൽ, സഹൽ അബ്ദുൾ സമദ്, ലല്ലിയൻസുവാല ചങ്തെ, മൻവീർ സിങ്, മഹേഷ് സിങ് എന്നിവരിലും പ്രതീക്ഷയുണ്ട്. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രകടനവും നിർണായകമാകും.പ്രതിരോധത്തിൽ ജിങ്കന് രാഹുൽ ബെക്കെയോ കോട്ടലോ കൂട്ടാകും. മധ്യനിരയിൽ സഹൽ പൂർണമായും ശാരീരികക്ഷമത കൈവരിച്ചിട്ടില്ല. സഹൽ ഇന്ന് കളിച്ചില്ലെങ്കിൽ ബ്രണ്ടൻ ഫെർണാണ്ടസിനായിരിക്കും ചുമതല. ജീക്സൺ സിങ്, അൻവർ അലി, രോഹിത് കുമാർ എന്നിവരുടെ പരിക്ക് തിരിച്ചടിയാണ്.
മറുവശത്ത്, ഓസ്ട്രേലിയയുടെ അഞ്ചാമത്തെ ഏഷ്യൻ കപ്പാണിത്. 2015ൽ ചാമ്പ്യൻമാരായി. കഴിഞ്ഞതവണ ക്വാർട്ടറിൽ തോറ്റ് പുറത്താകുകയായിരുന്നു. സെമിവരെ അനായാസം മുന്നേറാനാകുമെന്നാണ് ഗ്രഹാം ആർണോൾഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രതീക്ഷ. 2022 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ കടന്ന് ചരിത്രംകുറിച്ച ടീമാണ് ഓസ്ട്രേലിയ. പ്രീ ക്വാർട്ടറിൽ ലയണൽ മെസിയുടെ അർജന്റീനയോട് തോറ്റായിരുന്നു പുറത്തായത്.മാറ്റ് ലെക്കി, ഡെനിസ് ജെൻറെയു എന്നിവരുടെ പരിക്കും ആരോൺ മൂണി, ടോം റോജിക്, മാസിമോ ലൗഞ്ചോ എന്നിവർ വിരമിച്ചതും ടീമിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. എങ്കിലും ഹാരി സൗട്ടാർ, ജോർദാൻ ബോസ്, കോണോർ മെറ്റ്കാൽഫെ, റിലേ മക്ഗ്രീ, മാറ്റ് റ്യാൻ തുടങ്ങിയ താരങ്ങളിൽ പ്രതീക്ഷയുണ്ട് അവർക്ക്.
ഉസ്ബെക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം 18നാണ്. സിറിയയെ 23ന് നേരിടും.