കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ശ്രീലങ്കയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 213 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയും നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ചരിത് അസലങ്കയുമാണ് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിന് ഒതുക്കിയത്.
ഓപ്പണറായി ഇറങ്ങിയ നായകൻ രോഹിത് ശർമ നേടിയ 53 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ അടിത്തറ. കെ.എൽ. രാഹുൽ(39), ഇഷാൻ കിഷൻ(33) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്ക് എത്താനായില്ല.
പാക്കിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി കുറിച്ച വിരാട് കോഹ്ലി വെറും മൂന്ന് റൺസ് നേടിയപ്പോൾ വെല്ലാലഗെയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയും വാലറ്റവും മങ്ങിയതോടെ, മഴ വിരുന്നെത്തിയ പോരാട്ടത്തിലെ ആദ്യ പകുതി ഇന്ത്യയ്ക്ക് നിരാശയാണ് സമ്മാനിച്ചത്.
10 ഓവറിൽ ഒരു മെയ്ഡൻ അടക്കം നേടി വെറും 40 റൺസ് വിട്ടുനൽകിയാണ് വെല്ലാലഗെ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയത്. ഒരു മെയ്ഡൻ ഓവർ സ്വന്തമാക്കിയ അസലങ്ക ഒമ്പത് ഓവറുകളിൽ 18 റൺസ് മാത്രമാണ് വിട്ടുനൽകിയത്.