ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് നേട്ടം. പരമ്പരയില്‍ 19 വിക്കറ്റുകള്‍ അശ്വിന് വീഴ്ത്തിയിരുന്നു.
ബുമ്രയും ജോസ് ഹേസൽവുഡുമാണ് രണ്ടാം സ്ഥാനത്ത്. ബാറ്റര്‍മാരുടെ പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റമുണ്ട്. അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ നായകന് രോഹിത്ത് ശര്‍മ ആറാം സ്ഥാനത്തെത്തിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം യശ്വസി ജയ്സ്വാള്‍ എട്ടാം സ്ഥാനത്തെത്തി. 11 സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 20ാം സ്ഥാനത്തേക്കും കുതിച്ചു. അശ്വിന് പിന്നാലെ 15 സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് 16ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത്. പുതിയ പട്ടികയിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.