കൊച്ചി: മലയാള സിനിമാ രംഗത്ത് നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാൻ നീക്കം. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് സൂചിപ്പിക്കുന്നത്.
‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും, പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും സംഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളിൽ ഊന്നി പ്രവർത്തിക്കുമെന്നും കത്തിലുണ്ട്.
മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോൾ സിനിമാമേഖല പിന്നിലാണ്. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉൾക്കൊണ്ട് മലയാള സിനിമാ വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സംവിധായകൻ ആഷിക് അബു ‘ഫെഫ്ക’യിൽനിന്ന് രാജിവെച്ചിരുന്നു.