തിരുവനന്തപുരം : ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാലസമരം അമ്പതാം ദിവസത്തിലേയ്ക്ക്. പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തി. നിരാഹാരമനുഷ്ഠിച്ചിരുന്നവരില്‍ എസ് ഷൈലജയെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. സമരം അമ്പതു ദിവസം തികയുന്ന തിങ്കളാഴ്ച, മുടി മുറിച്ചുള്ള പ്രതിഷേധമടക്കമാണ് ആശമാര്‍ ആസൂത്രണംചെയ്തിരിക്കുന്നത്.
48ാം ദിവസമായ ശനിയാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ള പ്രമുഖര്‍ സമരപ്പന്തലിലെത്തി. സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സമരത്തിലൂടെ വളര്‍ന്ന് മന്ത്രിമാരായവര്‍ക്കിപ്പോള്‍ സാധാരണക്കാരുടെ പ്രതിഷേധങ്ങളോട് എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.
ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ കെ പി ധനപാലന്, വി എസ് ശിവകുമാര്‍ തുടങ്ങിയവരും വേണുഗോപാലിനോടൊപ്പമുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസും ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി.