ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ കോണ്ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച സംഭവത്തിലാണ് കേസെടുക്കാൻ ആവശ്യപ്പെട്ടത്. അസം ഡിജിപിക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
കോണ്ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിക്കുന്ന ദൃശ്യങ്ങൾ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലൂടെ കടത്തിവിടില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ഇതോടെയാണ് കോണ്ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ചുനീക്കിയത്. രാഹുൽ ഗാന്ധി പ്രവർത്തകരെ പ്രകോപിച്ച് സംഘർഷത്തിനു വഴിവച്ചുവെന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണം. അതേസമയം നിയമത്തിന് അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് അസം ഡിജിപി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിയമലംഘനം നടത്തും. അതുപോലെ കോണ്ഗ്രസ് പ്രവർത്തകർ നിയമലംഘനം നടത്തരുതെന്നു സംഘർഷത്തിനിടെ രാഹുൽ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് ഗുവാഹത്തിയിൽ കോണ്ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. ബാരിക്കേഡ് പൊളിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം.