ചെന്നൈ : തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ ഗവര്‍ണര്‍ ആര്.എന്‍ രവിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായി എം.കെ സ്റ്റാലിന്. ചിലര്‍ക്ക് ‘ദ്രാവിഡം’ എന്ന വാക്കിനോട് തന്നെ അലര്‍ജിയാണെന്നും അതുകൊണ്ടാണ് അത് ഉച്ചരിക്കുന്നത് അവരെ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ദ്രാവിഡം’ എന്ന വാക്ക് ആര്യൻ ആധിപത്യത്തിനെതിരായ വിപ്ലവകരമായ പദമാണെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. വനം മന്ത്രി കെ പൊൻമുടി രചിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”ജാതിയുടെയും ആചാരങ്ങളുടെയും പാരമ്പര്യത്തിൻ്റെയും പേരിൽ കാലാകാലങ്ങളിൽ സൃഷ്ടിച്ച എല്ലാ വേലിക്കെട്ടുകളും തകർക്കാൻ ഡിഎംകെ ഭരണം നിയമങ്ങൾ കൊണ്ടുവന്നു. ഇത് പ്രബല ആര്യ ശക്തികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല” സ്റ്റാലിന് വ്യക്തമാക്കി. “ഒരാളുണ്ട്, ഞാൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്കറിയാം. അദ്ദേഹം പെരിയാറിൻ്റെ പേരല്ല ഉച്ചരിക്കുന്നത്. ഹിന്ദി മാസാചരണത്തില്‍, തമിഴ് തായ് വാഴ്ത്ത് പാടുമ്പോൾ അദ്ദേഹം ദ്രാവിഡം ഉപേക്ഷിക്കുന്നു. ‘ദ്രാവിഡർ നല് തിരുനാട്’ എന്ന് പറഞ്ഞാൽ നാവിന് അണുബാധ വരുമോ എന്ന് സ്റ്റാലിന് ചോദിച്ചു. ഇത് പാടുന്നതുകൊണ്ട് ചിലർക്ക് വായക്കും വയറിനും തലച്ചോറിനും നെഞ്ചിനും പൊള്ളലേറ്റാൽ, തങ്ങൾ അത് പാടുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.