തിരുവനന്തപുരം: കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യലാണ് പ്രധാന അജണ്ട. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം.പലസ്തീൻ ഐക്യദാർഢ്യ സംഗമം പാർട്ടി വിരുദ്ധമോ വിഭാഗീയ പ്രവർത്തനമോ അല്ലെന്നാണ് ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
ഇതേ നിലപാട് തന്നെ അച്ചടക്ക സമിതിക്ക് മുന്നിലും ആവർത്തിച്ചേക്കും. ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിർദേശിക്കുക. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് കെ.പി.സി.സിയുടെ നിർദേശം. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴും നേതൃത്വം അതിന് മുതിർന്നേക്കില്ലെന്നാണ് സൂചന.
അച്ചടക്കസമിതി തീരുമാനമെടുക്കുംവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് ഷൗക്കത്തിന് നല്കിയ നിര്‍ദേശം. വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്കലംഘനം തന്നെ എന്ന് വ്യക്തമാക്കി കെ.പി.സി.സി ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകിയിരുന്നു.അതേസമയം, പാർട്ടി നിർദേശം അനുസരിക്കുമെന്നാണ് ആര്യാടൻ ഷൗക്കത്ത് അറിയിക്കുന്നത്. വിലക്ക് ലംഘിച്ച് പരിപാടി നടത്തിയാൽ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് മുന്നറിയിപ്പ് നൽകി ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി നേരത്തെ കത്ത് നൽകിയിരുന്നു. ഈതിന് ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി വ്യക്തമാക്കുന്നത്.