മലപ്പുറം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടിയല്ല ആര്യാടന് ഫൗണ്ടേഷനെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും ഫൗണ്ടഷേന്‍ ചെയര്‍മാനുമായ ആര്യാടന് ഷൗക്കത്ത്. മലപ്പുറത്ത് നടത്തിയ പലസ്തീന് ഐക്യദാര്‍ഢ്യ ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി വിലക്ക് മറികടന്ന് നടത്തിയ പരിപാടിയില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്
‘ആര്യാടന് എന്തിന് വേണ്ടി ജീവിച്ചുവോ അത് അദ്ദേഹത്തിന്റെ കാലശേഷവും നടപ്പിലാക്കാനാണ് ആര്യാടന് ഫൗണ്ടേഷന് രൂപീകരിച്ചത്. നമ്മള് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൗരന്മാരാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തില്ല. അതിന് വേണ്ടിയല്ല ആര്യാടന് ഫൗണ്ടേഷന്’, മലപ്പുറത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തത് വലിയ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചാണ്. ആര്യാടന്റെ നേതൃത്വത്തിലുണ്ടാക്കിയ കോണ്‍ഗ്രസാണ് മലപ്പുറത്തെ കോണ്‍ഗ്രസ്. ആര്യാടന് ഫൗണ്ടേഷന് രണ്ടുദ്ദേശങ്ങളാണ് ഉള്ളത്. ഒന്ന്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശയപരമായി ആയുധവത്കരിക്കുക. രണ്ട്, മലപ്പുറത്ത് നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരുക. പലസ്തീന് ഐക്യദാര്‍ഢ്യസദസ്സിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആര്യാടന് ഫൗണ്ടേഷന് ആദ്യം നടത്തിയത് എഐസിസി ആഹ്വാനപ്രകാരമുള്ള പരിപാടിയാണ്. മൗലാന അബുള്‍ കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികം ആഘോഷം ഉദ്ഘാടനം ചെയ്തത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനാണ്. എംപിമാരും എംഎല്‍എമാരും പങ്കെടുത്തു. അതെങ്ങനെയാണ് പാര്‍ട്ടി വിരുദ്ധമായി തീര്‍ന്നത് എന്നെനിക്ക് അറിയില്ല. രണ്ടാമത് നടത്തിയത് ആര്യാടന് അവാര്‍ഡ് വിതരണമാണ്. പ്രതിപക്ഷനേതാവിന് അവാര്‍ഡ് കൊടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തത് കെസി വേണുഗോപാലാണ്’, ആര്യാടന് ഷൗക്കത്ത് ചൂണ്ടിക്കാട്ടി. ജില്ലയില്‍ വിഭാഗീയത ശക്തമായി നില്‍ക്കുന്നതിനിടെയാണ് ആര്യാടന് ഫൗണ്ടേഷന് പലസ്തീന് ഐക്യദാര്‍ഢ്യറാലി പ്രഖ്യാപിച്ചത്.