ന്യൂഡല്‍ഹി : പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയയെ ഇന്ത്യയുടെ പതിനാറാം ധനകാര്യകമ്മീഷന് ചെയര്‍മാനായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
2025 ഒക്ടോബര്‍ 31 വരെയാണ് പതിനാറാം ധനകാര്യ കമ്മീഷന്റെ കാലാവധി. റവന്യു മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയും കര്‍ണാടക കേഡര്‍ ഐഎസ് ഉദ്യോഗസ്ഥനുമായ ഋത്വിക് രഞ്ജനം പാണ്ഡെയെ കമ്മീഷന്റെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കമ്മീഷനിലെ മറ്റംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയതില്‍ നടന്ന മന്ത്രിസഭാ യോഗമാണ് അരവിന്ദ് പനഗരിയെ ധനകാര്യകമ്മീഷന് ചെയര്‍മാനായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറായ പനഗാരിയ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ(എഡിബി) ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകബാങ്ക്, ഐഎംഎഫ്, ലോക ട്രേഡ് സെന്റര്‍ എന്നിവയിലും സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2026 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കഴിഞ്ഞ ദിവസം പനഗാരിയ പ്രവചിച്ചിരുന്നു 2026-ല്‍ ഇന്ത്യയുടെ ജിഡിപി അഞ്ച് ട്രില്യണായി ഉയരുമെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ജര്‍മ്മനിയുടെയോ ജപ്പാന്റെയോ ജിഡിപി നിരക്ക് അഞ്ച് ട്രില്യണാകാന്‍ സാധ്യതയില്ലെന്നും പനഗാരിയ അഭിപ്രായപ്പെട്ടിരുന്നു.