ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്ന് ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ കിഴക്കൻ ഡൽഹി കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ കേജരിവാൾ.
ജോലി അന്വേഷിക്കുന്നവരല്ല, ജോലി നൽകുന്നവരാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കണം. കാന്പസിൽ മികച്ച സൗകര്യങ്ങളുണ്ട്. വാസ്തുവിദ്യയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച കാമ്പസുകളിൽ ഒന്നായി ഇതിനെ കണക്കാക്കാം. ഈ കാമ്പസിൽ 2,500 വിദ്യാർഥികൾക്ക് താമസിക്കാനാകും. ഷോപ്പുകൾ തുറക്കുന്നതിലൂടെയും ചുറ്റുമുള്ള പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് ഗുണം ചെയ്യും. പണമില്ലാത്തവർക്കും അവരുടെ കുട്ടിയെ പഠിപ്പിക്കാൻ കഴിയുന്ന സ്കൂൾ വിദ്യാഭ്യാസത്തിന് ഞങ്ങൾ ഒരു മാതൃക തയാറാക്കി. ഇനി നമ്മൾ ഉന്നത വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം ബ്രട്ടീഷുകാർ തകർത്തു, ഞങ്ങൾ ഈ സമ്പ്രദായത്തിൽ മാറ്റം വരുത്തിയില്ല, തൊഴിൽ നൽകുന്ന വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ എന്തെങ്കിലും ചെയ്യണം. ഈ കാമ്പസിൽ ഓട്ടോമേഷൻ, ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ മാനേജ്മെന്റ്, ഇന്നൊവേഷൻ എന്നിവ വിദ്യാർഥികളെ പഠിപ്പിക്കും. ഇതാണ് സാങ്കേതിക ലോകത്തിന്റെ ആവശ്യം. വിദ്യാർഥികൾക്ക് ജോലി ലഭിക്കുന്നതിന് എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർ ഉത്തരവാദികളായിരിക്കണം. വിദ്യാർഥികളോട് തൊഴിലുടമകളാകണമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.