ന്യുഡല്‍ഹി : ഡല്‍ഹിയില്‍ ആം ആദ്മി പരാജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. കെജരിവാള്‍ പണം കണ്ട് മതിമറന്നെന്നും മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഹസാരെ പറഞ്ഞു.
തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണം. സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകള്‍, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ കെജരിവാള്‍ തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു.
കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം. ‘കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ’ എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.
അതേസമയം, ആം ആദ്മിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനഥെയുടെ പ്രതികരണം. 27 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്നത്.