മലപ്പുറം : വരകളിൽ ഇതിഹാസം രചിച്ച വരകളുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന കെ.എം. വാസുദേവൻ നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളാൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേരളത്തിന്റെ ചിത്രകലയുടെ സുവർണ അദ്ധ്യായത്തിനാണ് നമ്പൂതിരിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. മലയാള സാഹിത്യത്തിലെ ഉജ്വലരായ പല കഥാപാത്രങ്ങളും മലയാളിയുടെ മുന്നിൽ എത്തിയത് നമ്പൂതിരിയുടെ വരകളിലൂടെയായിരുന്നു. 1925 ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനനം. പ്രശസ്ത ശില്പിയും ചിതകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നമ്പൂതിരിയെ എത്തിച്ചത്. കെ.സി.എസ് പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായി. കെ.സി.എസ്. പിൽക്കാലത്ത് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അവിടെയും പ്രവർത്തിച്ചു.
1960 ൽ മാതൃഭൂമിയിൽ ചേർന്നു. എം.ടി, വി.കെ.എൻ, ബഷീർ, തകഴി തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ രചനകൾക്കായി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. എം.ടിയുടെ രണ്ടാമൂഴത്തിനും വി.കെ.എന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
കേരള ലളിതകലാ അക്കാദമി അദ്ധ്യക്ഷനായും പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹി ത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ