

നമ്മുടെ സമൂഹം ഭിന്നശേഷി സൗഹൃദമാകണമെന്ന് കാലങ്ങളായി നാം ചർച്ച ചെയ്യുന്നതിന്റെ ഫലമായി, നിലവിൽ ഒരുപാട് മാറ്റങ്ങൾ സാമൂഹിക കൂട്ടായ്മയുടെയും , സർക്കാരുകളുടെയും നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി ഇൻഷുറൻസ് സ്കീമുകൾ, സാമ്പത്തിക സഹായ പദ്ധതികൾ, വീൽചെയറുകളുടെയും മറ്റു ഉപകരണങ്ങളുടെയും വിതരണം, പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും വീൽചെയർ സൗഹൃദമാക്കൽ തുടങ്ങി ഭിന്നശേഷിക്കാർക്കായുള്ള നിരവധി മാറ്റങ്ങൾ നടപ്പിലാക്കി വരുന്നു.
എന്നാൽ വലിയ ശ്രദ്ധ ലഭിക്കാതെ പോകുന്ന വിഷയമാണ് ഭിന്നശേഷിക്കാർ നേരിടുന്ന ആരോഗ്യപരമായ വെല്ലുവിളികൾ. ശാരീരിക ശേഷിക്കുറവും വൈകല്യങ്ങളും ഉള്ളവർക്ക് രോഗങ്ങൾ വരുമ്പോൾ അവരുടെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാകുന്നു. പരിമിതമായ ജീവിത സാഹചര്യങ്ങൾ സമ്മാനിക്കുന്ന മാനസിക വേദനയ്ക്ക് പുറമെ ശാരീരിക രോഗാവസ്ഥകളും കൂടി ആകുമ്പോൾ ഇവരുടെ പ്രതിസന്ധികൾക്ക് ആക്കം കൂടുന്നു .
വീൽചെയറിലോ, കട്ടിലിലോ ഏറെ സമയം ചെലവഴിക്കുന്നവർക്ക് ഉണ്ടാകുന്ന ശാരീരിക വേദനകൾ അവരുടെ ആത്മവിശ്വാസത്തെയും പ്രവർത്തനക്ഷമതയെയും ബാധിക്കുന്നു. ചില ശാരീരിക വൈകല്യങ്ങൾ ഉള്ള ആളുകൾക്ക് സാധാരണ ആളുകളെ അപേക്ഷിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) വരാനുള്ള സാധ്യത കൂടുതലാണ്. സന്ധികളിലെ അസാധാരണമായ ഭാരവിനിമയം, പേശികളുടെ ശേഷിക്കുറവ് , ചില സന്ധികളുടെ അമിത ഉപയോഗം എന്നിവ മൂലം സന്ധികളിലെ തരുണാസ്ഥിക്ക് (cartilage) സംഭവിക്കുന്ന തേയ്മാനമാണ് ഇതിന്റെ പ്രധാന കാരണം.
കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ വരുന്ന ആളുകളിൽ വ്രണങ്ങൾ (ബെഡ് സോർ) ഉണ്ടാവുകയും, ചികിത്സ തേടാൻ വൈകുന്നതു മൂലം ഗുരുതരമായ അണുബാധയും ഉണ്ടാകുന്നു. ദീർഘനേരം ഒരേ നിലയിൽ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകൊണ്ട് ശരീരത്തിലെ ചർമ്മഭാഗത്ത് തുടർച്ചയായി സമ്മർദ്ദം ഉണ്ടാകുമ്പോൾ രൂപപ്പെടുന്ന മുറിവാണ് ബെഡ്സോർസ് . ഇത് സമയത്ത് ചികിത്സിക്കാതെ പോകുമ്പോൾ അണുബാധ രൂക്ഷമായി ചലനശേഷി കുറഞ്ഞ ആളുകളിൽ ജീവൻ നഷ്ടമാകാൻ വരെ കാരണമാകാം.
ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം പോലുള്ള മെറ്റാബോളിക് രോഗാവസ്ഥകൾ മറ്റു ആളുകളെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്നുണ്ട് . ഇതിന്റെ തുടര്ച്ചയായി ഇവരിൽ ഹൃദ്രോരോഗങ്ങൾ, സ്ട്രോക്ക് ,ഫാറ്റി ലിവർ രോഗം,വൃക്കരോഗങ്ങൾ , ശ്വാസകോശ അണുബാധകൾ മുതലായ സങ്കീർണ്ണതകൾക്ക് സാധ്യതയേറെയാണ് . മെറ്റബോളിക് പ്രശ്നങ്ങൾ കൂടുതലായതിനാൽ BP, ഷുഗർ, കൊളസ്ട്രോൾ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ഇവർക്ക് നിർബന്ധമാണ് .
വ്യായാമം ചെയ്യാനും ദിനചര്യയിൽ സജീവമായി പങ്കെടുക്കാനും ആവശ്യമായ അവസരങ്ങളും സൗകര്യങ്ങളും ഭിന്നശേഷിക്കാർക്ക് പലപ്പോഴും ലഭ്യമാകാത്തതിനാൽ, അവരുടെ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും മെഡിക്കൽ ചികിത്സ, പുനരധിവാസം, ഫിസിയോതെറാപ്പി എന്നിവ
ആവശ്യമായി വരുന്നു. ഭിന്നശേഷിയുള്ള ഓരോ വ്യക്തിക്കും അവരുടെ കഴിവുകൾക്ക് അനുയോജ്യമായ വ്യായാമങ്ങൾ, സ്പോർട്സ് ആക്ടിവിറ്റികൾ, സ്റ്റാൻഡിങ് ട്രെയിനിംഗ് മുതലായ പുനരധിവാസ മാർഗങ്ങൾ ശാസ്ത്രീയമായി ഉപയോഗപ്രദമായി കണ്ടുവരുന്നു . ഇത് ഹൃദയാരോഗ്യം, മാനസികാരോഗ്യം, ചലനക്ഷമത, പേശീബലം എന്നിവയെ മെച്ചപ്പെടുത്തുന്നു. എന്നാൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനങ്ങളുടെ കുറവും, ഫിസിയോതെറാപ്പി സൗകര്യങ്ങൾ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ ലഭ്യമല്ലാത്തതുമാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും വൈകല്യമുള്ളവർക്ക് അത്യാവശ്യമാണ്.
ഭിന്നശേഷിയുള്ള വ്യക്തികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ശരീരസംബന്ധമായ ബുദ്ധിമുട്ടുകൾ. എന്നാൽ, ഇതിലും കൂടുതൽ അവരെ തളർത്തുന്നത് സമൂഹത്തിന്റെ സമീപനം, ബന്ധങ്ങളിൽ അനുഭവപ്പെടുന്ന പരിമിതികൾ, മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ എന്നിവയാണ്. ഇവയെല്ലാം കൂടി മാനസിക സമ്മർദ്ദം, ഉൽക്കണ്ഠ, ആത്മവിശ്വാസക്കുറവ്, വിഷാദരോഗം എന്നിവക്ക് വഴിവയ്ക്കുന്നു.
വൈകല്യമുള്ള വ്യക്തികളെപ്പോലെ തന്നെ, അവരെ ദിവസവും പരിചരിക്കുന്നവരുടെ ശാരീരിക-മാനസിക ആരോഗ്യം അവഗണിക്കാൻ കഴിയാത്ത ഒന്നാണ്. വളരെയധികം സമയം മറ്റൊരാളെ പരിചരിക്കുന്നതിനാൽ ഇവർ വലിയ സമ്മർദ്ദവും ക്ഷീണവും അനുഭവിക്കുന്നു. ഇവർക്ക് കുടുംബവും സമൂഹവും ആവശ്യമായ പിന്തുണ നൽകുമ്പോഴാണ് ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസമുണ്ടാകുന്നത്.
നിലവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആരോഗ്യം, പുനരധിവാസം, കൗൺസിലിംഗ് തുടങ്ങിയ പല സേവനങ്ങളും സഹായത്തിന്റെ രൂപത്തിലാണ് സമൂഹം കാണുന്നത്. എന്നാൽ ഇവ ഒരു പരിധിവരെ അവകാശമായി ഉറപ്പുവരുത്തുന്ന ഒരു സംവിധാനം ഉണ്ടായാൽ അത് കൂടുതൽ അഭികാമ്യമാണ് . ആശുപത്രി ചികിത്സ, പുനരധിവാസ നടപടികൾ, ഫിസിയോതെറാപ്പി, പരിചാരകർക്കുള്ള കൗൺസിലിംഗ് എന്നിവ ഈ അവകാശത്തിന്റെ ഭാഗമാക്കിയാൽ മാത്രമേ ഭിന്നശേഷിയുള്ളവരുടെ ജീവിതനിലവാരം യഥാർത്ഥത്തിൽ ഉയരുകയുള്ളു. ഭിന്നശേഷിയുള്ളവർക്കുള്ള സേവനങ്ങളെ ‘സഹായം’ എന്ന നിലയിൽ കാണുന്നതല്ല, മറിച്ച് സാമൂഹികമായ സമത്വത്തിനും പുരോഗതിക്കുമായി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഒരു അവകാശമായി സമൂഹം തിരിച്ചറിയുകയാണ് വേണ്ടത്.
Article for
International Day of Persons with Disabilities..
by
Dr. Vishnu B Menon,
Consultant,
Dept. of Community Medicine,
Amrita Hospital, Kochi