കൊച്ചി: കെ വിദ്യയ്ക്കും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് ആരോപണം ഉന്നയിച്ചത്.
ആർഷോ അഞ്ച് – പത്ത് മിനിട്ട് കൊണ്ട് പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനെതിരെ കേസ് എടുത്തെങ്കിൽ മഹാരാജാസ് ഗവേണിംഗ് ബോഡി ആർഷോക്കെതിരെയും കേസ് കൊടുക്കേണ്ടതാണ്. വിദ്യയെ സി പി എം സംരക്ഷിക്കുകയാണെന്നും അവർക്ക് പിറകിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.
ആർഷോ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും സതീശൻ ആരോപിച്ചു . ‘വിദ്യയെ ഇത് വരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും കേസിൽ ഏറ്റവും നിർണായകമായ വ്യാജരേഖയുടെ ഒറിജിനലും പൊലീസിന് കണ്ടെത്താനായിട്ടില്ല.’- സതീശൻ പറഞ്ഞു.