70 പോയിന്റുമായി ആർസനലും ലിവർപൂളും. 69 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി. 7 മത്സരങ്ങൾ ശേഷിക്കെ പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിന് കടുപ്പമേറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ സമനിലയിൽ കുരുക്കിയതോടെ ബ്രൈറ്റണെ തോൽപ്പിച്ച ആർസനൽ ലീഗിൽ ഒന്നാമതെത്തി. ഗോൾ കൂടുതൽ നേടിയതാണ് ഗണ്ണേഴ്സിന് അനുകൂലമായത്. ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച സിറ്റിയും കിരീട പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നൽകുന്നതായി ഇന്നലത്തെ മത്സരം.
ഓൾഡ് ട്രാഫോർഡിൽ രണ്ട് ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ലിവർപൂളിനായി ലൂയിസ് ഡിയാസും മുഹമ്മദ് സലായും ഗോൾ നേടി. യുണൈറ്റഡിന്റെ മറുപടി ബ്രൂണോ ഫെർണാണ്ടസിന്റെയും മാർകസ് റാഷ്ഫോഡിന്റെയും ഗോളിലൂടെയായിരുന്നു. ആധികാരികമായിരുന്നു ആർസനലിന്റെ വിജയം. സാക്ക, ഹാവേർട്സ്, ട്രൊസാർഡ് എന്നിവരുടെ ഗോളിൽ ബ്രൈറ്റന്റെ ഗ്രൗണ്ടിലായിരുന്നു ഗണ്ണേഴ്സിന്റെ മുന്നേറ്റം. ക്രിസ്റ്റൽ പാലസിന്റെ ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയും വിജയം സ്വന്തമാക്കി. രണ്ട് ഗോൾ ഡിബ്രൂയ്നെ നേടിയപ്പോൾ റികോ ലെവിസും ഹാലണ്ടും ഓരോ ഗോൾ വീതം സ്വന്തമാക്കി. മറ്റ് മത്സരങ്ങളിൽ ടോട്ടനം വിജയിച്ചപ്പോൽ ചെൽസിയും ആസ്റ്റൻ വില്ലയും സമനിലയിൽ കുരുങ്ങി. ജയത്തോടെ ടോട്ടനം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.