പാലക്കാട് : യോഗ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബാ രാംദേവിനെതിരേ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്. ഫലസിദ്ധി വാഗ്ദാനം ചെയ്യുന്ന ഔഷധ പരസ്യം നിയമവിരുദ്ധമാണെന്ന കേസിലാണ് നടപടി.
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി 16ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാംദേവിനു നേരത്തെ സമൻസ് അയച്ചിരുന്നു. അന്ന് ഹാജരാകാത്തതിനെ തുടർന്നാണ് ഫ്രെബുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാംദേവും അനുയായി ആചാര്യ ബാലകൃഷ്ണയും കേസിൽ പ്രതികളാണ്. ഇരുവരും നേരിട്ട് പാലക്കാട് കോടതിയിൽ ഹാജരാകേണ്ടി വരും. കണ്ണൂർ സ്വദേശിയായ ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു നൽകിയ പരാതിയിലാണ് നടപടി. രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾ അമിത രക്ത സമ്മർദം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പരസ്യങ്ങളിലൂടെ വാഗ്ദാനം ചെയ്തിരുന്നു.
ഇത്തരത്തിൽ മരുന്നുകളുടെ പരസ്യങ്ങളിലൂടെ വാഗ്ദാനങ്ങൾ നൽകുന്നത് 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് ഡോക്ടർ പരാതി നൽകിയത്. 2022 ഏപ്രിലിൽ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾക്കായിരുന്നു പരാതി നൽകിയത്.
2024ൽ ഇതിന്റെ തുടർച്ചയെന്ന രീതിയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ഉത്തരാഖണ്ഡ് അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും ഹരിദ്വാർ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി രാംദേവിനും മറ്റു പ്രതികൾക്കും വിചാരണയ്ക്ക് സമൻസ് അയച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പാലക്കാട് കോടതിയുടെ നടപടി വരുന്നത്.