നിലവിൽ രാജ്യത്തെ ഏറ്റവും നീളമുള്ള മേൽപ്പാലമാണ് ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ അരൂർ വരെയുള്ള ദേശീയപാതയിൽ നിർമ്മിക്കുന്നത്. 12.75 കിലോമീറ്ററാണ് നീളം. നാസിക് ആസ്ഥാനമായ അശോക് ബിൽഡ്കോൺ എന്ന കമ്പനിയാണ് മേൽപ്പാലം പണിയുന്നത്. 1500 കോടിയിലധികം രൂപയാണ് ചെലവ്. മൂന്ന് വർഷം കൊണ്ട് പണി തീർക്കാനാണ് കരാർ. ഏറെ നാളത്തെ പ്ലാനിംഗും ഗവേഷണവുമൊക്കെ നടത്തിയതിനു ശേഷമാണ് ദേശീയപാതാ അതോറിറ്റി മേൽപ്പാലത്തിന്റെ ഡിസൈനും നിർമ്മാണക്കരാറുമെല്ലാം തീരുമാനിച്ചത്. കേരളത്തിലെ ദേശീയപാതാ മേഖലയിൽ കൂടുതൽ തിരക്കുള്ള ഭാഗങ്ങളിൽ ഒന്നാണ് വൈറ്റില – ചേർത്തല റോഡ്. അവിടെ ഇത്രയും ബൃഹത്തായ നിർമ്മാണ പ്രവർത്തികൾ നടത്തുമ്പോൾ ദേശീയപാതാ അതോറിട്ടിയും ജില്ലാ ഭരണകൂടവും പോലീസ് – ഗതാഗതവകുപ്പ് – തദ്ദേശസ്ഥാപനങ്ങൾ എന്നിവരൊക്കെ കൂട്ടായി നടത്തേണ്ട മുന്നൊരുക്കങ്ങൾ ഫലപ്രദമായില്ലെന്നത് വസ്തുതയാണ്.
കൊച്ചി മെട്രോ പണിയാൻ നഗരത്തിന്റെ പ്രധാന റോഡുകളുടെ മധ്യഭാഗത്ത് DMRC നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമാനമാണ് അരൂർ – തുറവൂർ മേഖലയിൽ ഇപ്പോൾ നടക്കുന്ന പണികൾ. എന്നാൽ DMRC മെട്രോയുടെ സിവിൽ ജോലികൾക്ക് മുന്നോടിയായി നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും സമീപ റോഡുകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഇവിടെയും അധികാരികൾക്ക് മാതൃക ആക്കാവുന്നതായിരുന്നു. പണികൾ നടത്താനുള്ള റോഡിന്റെ മധ്യഭാഗം ബാരിക്കേഡ് വച്ച് തിരിച്ചതിനുശേഷം ഇരുവശങ്ങളിലും പരമാവധി സ്ഥലം ക്ലിയറാക്കി കാർപ്പെറ്റ് ടാറിംഗ് ചെയ്ത് സജ്ജമാക്കിയിരുന്നെങ്കിൽ ഇപ്പോൾ ആയിരക്കണക്കിന് വാഹനങ്ങളും ജനങ്ങളും നേരിടുന്ന ഗതാഗതപ്രശ്നങ്ങൾ ഗണ്യമായി കുറക്കാമായിരുന്നു. ദേശീയപാതയോരത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
പണി തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും KSEB വൈദ്യുതിപോസ്റ്റുകൾ പകുതി എണ്ണം പോലും മാറ്റി സ്ഥാപിച്ചിട്ടില്ല. നിർമ്മാണ മേഖലയിലെ അനധികൃത പാർക്കിംഗും തടസ്സങ്ങൾ ഉണ്ടാക്കുന്നു. കരാർ ഏറ്റെടുത്ത അശോക് ബിൽഡ്കോൺ എന്ന കമ്പനി കൃത്യമായ യാതൊരു സുരക്ഷാ ഏർപ്പാടുകളും ഇല്ലാതെയാണ് പണി തുടരുന്നത്. രാവും പകലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന തുറവൂർ – അരൂർ പാതയിൽ വാഹനങ്ങളുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരം ഉറപ്പാക്കാൻ യാതൊരു അടിസ്ഥാന സജീകരണങ്ങൾ പോലും ഇതുവരെയും സ്ഥാപിച്ചിട്ടില്ല. നിർമ്മാണം തുടങ്ങിയ ശേഷം വഴിവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ മിക്ക സ്ഥലത്തും ഇരുട്ടാണ്. വാഹനാപകടങ്ങൾ തുടർക്കഥയായ ഈ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 15ൽ അധികം പേർ വിവിധ വാഹനാപകടങ്ങളിൽ മരിച്ചു.
അടുത്ത 24 മാസം കൂടിയെങ്കിലും വേണ്ടി വരും പൂർണതോതിൽ നിർമ്മാണം പൂർത്തിയാവാൻ. ദേശീയപാതാ അതോറിട്ടിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട മറ്റ് എല്ലാ ഏജൻസികളും സംയുക്തമായി ഒരു ആക്ഷൻ പ്ലാൻ ആവിഷ്ക്കരിച്ചു നടപ്പാക്കിയില്ലെങ്കിൽ രണ്ട് വർഷം ജനങ്ങൾ നട്ടം തിരിയുമെന്നുറപ്പ്.